മുളക്കുളം-വെള്ളൂർ-ചന്തപ്പാലം റോഡിന്റെ ശോച്യാവസ്ഥ : ജനകീയപ്രക്ഷോഭത്തിന് കളമൊരുങ്ങുന്നു
1495815
Thursday, January 16, 2025 7:17 AM IST
വെള്ളൂർ: കുണ്ടും കുഴിയുമായി തകർന്ന് ഗതാഗതം ദുഷ്കരമായ മുളക്കുളം വെള്ളൂർ ചന്തപ്പാലം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനകളും പ്രദേശവാസികളും ചേർന്ന് ജനകീയ പ്രക്ഷോഭത്തിെനൊരുങ്ങുന്നു.
തകർന്ന് കാൽനടപോലും ദുഷ്കരമായ റോഡിൽ വാഹനഗതാഗതം ദുഃസഹമായി. വ്യാപാര മേഖലയിൽ പ്രതിസന്ധി കടുത്തതോടെവെള്ളൂരിലേയും മിഠായിക്കുന്നത്തേയും വ്യാപാരികൾ ഏതാനും മാസങ്ങൾക്ക് മുമ്പ് കടകൾ അടച്ച് പ്രതിഷേധപ്രകടനവും ധർണയും നടത്തിയിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും ഇതിനകം നിരവധി തവണ സമരം നടത്തി.
നിർമാണം തുടങ്ങി രണ്ടു വർഷം പിന്നിട്ടിട്ടും യാത്രാ ദുരിതം തുടരുന്ന സാഹചര്യത്തിൽ സർക്കാർ കരാർ റദ്ദാക്കി പുതിയ കരാറുകാരന് പണി ഏൽപ്പിച്ചു ദ്രുതഗതിയിൽ റോഡ് നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ജനങ്ങൾ ഉയർത്തിയിരുന്നു.
റോഡിന്റെ നിർമാണത്തിന് അനുവദിച്ചത് 112 കോടി
മുളക്കുളം - വെള്ളൂർ ചന്തപ്പാലം റോഡ് വടയാർ എഴുമാന്തുരുത്ത് വഴി മുട്ടുചിറയിലാണ് സമാപിക്കുന്നത്. 22 കിലോമീറ്റർ ദൂരമുള്ള റോഡ് ആധുനിക നിലവാരത്തിൽ നിർമിക്കാൻ 112 കോടി രൂപയാണ് അനുവദിച്ചത്. ഉന്നത നിലവാരത്തിൽ കോൺക്രീറ്റ് നടത്തി നിർമിക്കുന്ന റോഡ് 30 വർഷം കുറ്റമറ്റതായി നിൽക്കുമെന്നായിരുന്നു അധികൃതരുടെ അവകാശവാദം.
ഒരു വർഷത്തിനകം പൂർത്തിയാകേണ്ട റോഡ് വിവിധ ഡിപ്പാർട്ടുമെന്റുകളുടെ തർക്കവും കരാറുകാരന്റെ അനാസ്ഥയും മൂലം രണ്ടു വർഷം പിന്നിട്ടിട്ടും നിർമാണം 36 ശതമാനമാണ് പൂർത്തിയായത്. ഏതാനും മീറ്ററുകൾ ഒന്നിടവിട്ടു കോൺക്രീറ്റു ചെയ്ത റോഡിലെ കയറ്റിറക്കങ്ങളും കുഴികളും യാത്ര ദുരിതപൂർണമാക്കുകയും വാഹനങ്ങൾക്ക് യന്തത്തകരാർ ഉണ്ടാക്കുകയും ചെയ്യുന്നു.
റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിർമിക്കുന്ന കലുങ്കുകളുടെ നിർമാണവും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. വെട്ടിക്കാട്ടുമുക്കിൽ നിന്നും അടിയം വഴി തലയോലപ്പറമ്പിലേക്കുള്ള റോഡും നിർമാണത്തിന്റെ ഭാഗമായി തകർന്നു കിടക്കുകയാണ്. കെഎസ്ടിപിക്കാണ് നിർമാണ ചുമതല. കോൺക്രീറ്റ് ചെയ്ത് റോഡിന്റെ സംരക്ഷണഭിത്തിയടക്കം നിർമിക്കുന്നതിനാണ് ലക്ഷ്യമിട്ടത്.
നിശ്ചിത സമയത്തിനുള്ളിൽ റോഡിന്റെ നിർമാണം പൂർത്തിയാക്കാത്തതിനാൽ പഴയ കരാറുകാരനെ നീക്കി. ഇനി റോഡ് പൂർത്തിയാക്കാൻ ഇതുവരെ നടന്ന പണിതിട്ടപ്പെടുത്തി രണ്ടാമത് ഡിപിആർ എടുത്ത് തുക വർധിപ്പിച്ച് പുതിയ കരാറുകാരന് നിർമാണച്ചുമതല നൽകണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി റോഡ് നിർമാണം പൂർത്തിയാക്കാൻ ഒരു വർഷമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.
‘വൈക്കം കടുത്തുരുത്തി നിയോജക മണ്ഡലങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട പദ്ധതിയായി കണക്കാക്കുന്ന മുളക്കുളം -വെള്ളൂർ -ചന്തപ്പാലം റോഡ് നിർമാണ പ്രവർത്തനങ്ങൾ തടസപ്പെട്ടതോടെ ജനജീവിതം ദുരിത പൂർണമായി. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭത്തിന് ഒപ്പമാണ് താൻ.
റോഡ് സഞ്ചാരയോഗ്യമാക്കി വാഹനഗതാഗതം സുഗമമാക്കണം. റോഡു പൂർണമായി പുനർനിർമിക്കുന്ന പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാകുമെന്നും സി.കെ. ആശ എംഎൽഎ പറഞ്ഞു.’