പൊൻകുന്നത്ത് ദൃശ്യം സാംസ്കാരികോത്സവം
1495866
Thursday, January 16, 2025 11:17 PM IST
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തും സംസ്കൃതിയും സാംസ്കാരിക വകുപ്പും ചേർന്ന് നടത്തുന്ന ദൃശ്യം 2k25 സാംസ്കാരികോത്സവം നാളെ മുതൽ 30 വരെ പൊൻകുന്നം ടൗണിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ ഫ്ലെഡ്ലിറ്റ് സ്റ്റേഡിയം ഉദ്ഘാടനവും അഖിലകേരള വോളിബോൾ ടൂർണമെന്റും നടക്കും. 19ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽപ്പെട്ട സ്കൂളുകളിലെ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തും. 20ന് ഭരണഘടന ആസ്പദമാക്കി മെഗാ പരീക്ഷയിൽ പഞ്ചായത്തിലെ പത്ത് വയസ് പൂർത്തിയായ മുഴുവൻ ആളുകളും പങ്കാളികളാകും. 21ന് ചിറക്കടവിന്റെ ദൃശ്യ മനോഹാരിത-ഫോട്ടോഗ്രഫി മത്സരം, 22ന് മെഗാ ക്വിസ് മത്സരം, 23ന് നിളയുടെ നിലാവ്-എം.ടി. വാസുദേവൻ നായർ അനുസ്മരണം, 24ന് ചിറക്കടവിലെ കലാകാരന്മാരുടെ കലാപരിപാടികൾ എന്നിവയും നടത്തും.
25ന് ഉച്ചകഴിഞ്ഞ് രണ്ടിന് സാംസ്കാരിക റാലി, ആറിന് മന്ത്രി റോഷി അഗസ്റ്റിൻ ദൃശ്യം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡാൻസ്, ഫാഷൻ ഷോ, കൊച്ചിൻ മൻസൂറിന്റെ പി. ജയചന്ദ്രൻ അനുസ്മരണ ഗാനമേള. 26ന് സമ്പൂർണ ഭരണഘടനാ സാക്ഷരത പ്രഖ്യാപനം.
27, 28 തീയതികളിൽ നാഷണൽ ഫോക് ലോർ അക്കാദമിയുടെ വിവിധ കലാപരിപാടികൾ. 29ന് തൊഴിലാളി സംഗമവും വയനാട് മാത്യൂസ് അവതരിപ്പിക്കുന്ന ഗ്രോത്രഗാഥയും. മഹാത്മാഗാന്ധി നാഷണൽ അവാർഡ് ജേതാവ് എസ്. ബിജുവിനെ ആദരിക്കും. 30ന് സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രസീദ ചാലക്കുടിയുടെ ഗാനമേള. 28 മുതൽ 30 വരെ എംജി സർവകലാശാല സ്കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷന്റെ മെഡിക്കൽ എക്സിബിഷൻ പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്സിൽ നടത്തും.
പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ഐ.എസ്. രാമചന്ദ്രൻ, എൻ.ടി. ശോഭന തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.