മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടി: യുവാവ് അറസ്റ്റിൽ
1496104
Friday, January 17, 2025 7:14 AM IST
വൈക്കം: മുക്കുപണ്ടം പണയപ്പെടുത്തി രണ്ടു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം മാടപ്പള്ളി കിഴക്കേ നികർത്തിൽ സജീവനെ(49)യാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഈ മാസം എട്ടു മുതൽ പലതവണകളായി ഇടയാഴത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വളകൾ പണയപ്പെടുത്തി 2,11,400 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് അധികൃതരുടെ പരിശോധനയിൽ പണയ ഉരുപ്പടി സ്വർണമല്ലെന്ന് തിരിച്ചറിയുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.
പരാതിയെത്തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടി. വൈക്കം സ്റ്റേഷൻ എസ്ഐ കുര്യൻ മാത്യു, സിപിഒമാരായ സുദീപ്, കിഷോർ, റെജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.