മുണ്ടക്കയം ഫുട്പാത്തിലൂടെ നടക്കുന്നവർ ജാഗ്രതേ ! ഈ ബാറ്ററിപ്പെട്ടി ഒരു പേടിസ്വപ്നം
1495882
Thursday, January 16, 2025 11:17 PM IST
മുണ്ടക്കയം: മുണ്ടക്കയം ഫുട്പാത്തിലൂടെ നടക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ തലപൊട്ടിയതുതന്നെ. ഹോസ്പിറ്റൽ ജംഗ്ഷനിൽ സ്റ്റേറ്റ് ബാങ്കിന്റെ എടിഎമ്മിനു സമീപമാണ് കാൽനട യാത്രക്കാരുടെ ശിരസിലിടിക്കുന്ന രീതിയിൽ വഴിവിളക്ക് പോസ്റ്റിലെ ബാറ്ററിപ്പെട്ടിയിരിക്കുന്നത്. ഫോണിലും സുഹൃത്തുക്കളുമായും സംസാരിച്ചുവരുന്ന പല യാത്രക്കാരുടെയും തല ഈ പോസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന പെട്ടിയിൽ ഇടിച്ച് പരിക്കേൽക്കുന്നത് പതിവ് സംഭവമാണ്.
പോസ്റ്റിലെ തെളിയാത്ത ലൈറ്റും ബാറ്ററിയില്ലാത്ത പെട്ടിയും കാൽനടയാത്രക്കാർക്കു വിനയായിരിക്കുകയാണ്. വേഗത്തിൽ വരുന്നവരുടെ തല ഇതിൽ ഇടിച്ചു മുറിവേൽക്കുന്നതായി സമീപത്തെ വ്യാപാരികളും പറയുന്നു. സ്റ്റേറ്റ് ബാങ്കിലും സമീപത്തെ എടിഎമ്മിലും വ്യാപാരസ്ഥാപനങ്ങളിലും വരുന്നവരുടെയൊക്കെ ശിരസ് പെട്ടിയിലിടിച്ചു മുറിവേൽക്കുന്നതു പതിവാണ്.
വർഷങ്ങൾക്കു മുമ്പാണ് മുണ്ടക്കയം ടൗണും പരിസരപ്രദേശങ്ങളും പ്രകാശപൂരിതമാക്കുവാൻ സോളാർ വഴിവിളക്കുകൾ സ്ഥാപിച്ചത്. എംപി ഫണ്ടിൽനിന്ന് അനുവദിച്ച 14 ലക്ഷം രൂപ മുടക്കിയാണ് പൈങ്ങന മുതൽ മുണ്ടക്കയം ടൗണും കോസ്വേ ജംഗ്ഷൻ വരെയും വഴിവിളക്കുകൾ സ്ഥാപിച്ചത്.
എന്നാൽ, മതിയായ സംരക്ഷണം നൽകാതെ വന്നതിനെത്തുടർന്നു മാസങ്ങൾ പിന്നിടുംമുമ്പേ വഴിവിളക്കുകളെല്ലാം നശിച്ചു. മിക്കയിടത്തും സോളാർ പാനലുകളും ബാറ്ററികളുമെല്ലാം സാമൂഹ്യവിരുദ്ധർ അപഹരിച്ചു. അവശേഷിച്ച തൂണുകൾപോലും രാത്രികാലങ്ങളിൽ മോഷ്ടാക്കൾ കവർന്നു.
എന്നാൽ, മുണ്ടക്കയം ടൗണിലെ നടപ്പാതയോട് ചേർന്നു വഴിവിളക്കിനായി സ്ഥാപിച്ച പോസ്റ്റിൽ ബാറ്ററി വയ്ക്കുന്നതിനായി ഘടിപ്പിച്ചിരിക്കുന്ന പെട്ടിയാണ് കാൽനടയാത്രക്കാരുടെ പേടിസ്വപ്നമായി മാറുന്നത്.
കാൽനടയാത്രക്കാരുടെ തലയിൽബാറ്ററിപ്പെട്ടി ഇടിക്കുന്നതുമൂലം മുണ്ടക്കയം ടൗണിലെ നടപ്പാതയിലൂടെ ഇപ്പോൾ ഹെൽമെറ്റുവച്ച് നടക്കേണ്ട ഗതികേടിലാണെന്ന് നാട്ടുകാർ പറയുന്നത്.