ജില്ലാ ആശുപത്രിയില്‍നിന്നു നീക്കുന്ന മണ്ണ് മെഡി. കോളജ് പാര്‍ക്കിംഗ് ഗ്രൗണ്ടിന്: യോഗം ചേർന്നു
1495879
Thursday, January 16, 2025 11:17 PM IST
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയില്‍ പുതിയ കെട്ടിടനിര്‍മാണത്തിനായി നീക്കം ചെയ്യുന്ന അധികമണ്ണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
4000 ക്യൂബിക് മീറ്റര്‍ മണ്ണാണ് പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മാണത്തിനാവശ്യമായി വരുന്നത്. ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍നിന്ന് 13000 ക്യുബിക് മീറ്റര്‍ മണ്ണാണു നീക്കം ചെയ്യുന്നത്. ഇതിനോടകം 5000 ക്യുബിക് മീറ്റര്‍ നീക്കിക്കഴിഞ്ഞതായി നിര്‍മാണച്ചുമതലയുള്ള ഇന്‍കെല്‍ അറിയിച്ചു.
5000 ക്യുബിക് മീറ്റര്‍ മണ്ണ് കോടിമത -മുപ്പായിക്കാട് റോഡ് നിര്‍മാണത്തിനായി കൈമാറിയിട്ടുണ്ട്.
ജനറല്‍ ആശുപത്രിയില്‍നിന്ന് നീക്കുന്ന മണ്ണ് ഏറ്റുമാനൂര്‍, കോട്ടയം നിയോജകമണ്ഡലങ്ങളിലെ റോഡുകളുടെ വികസനത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. മെഡിക്കല്‍ കോളജിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മാണത്തിന് മണ്ണ് കൊണ്ടുപോകുന്നതിന് സീനിയറേജ് ഒഴിവാക്കി നല്‍കണമെന്നാവശ്യപ്പെട്ട് ഇന്‍കെല്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ഇതുവരെ മണ്ണ് നീക്കിയതു വിലയിരുത്തി തുടര്‍നടപടികള്‍ക്കായി ജിയോളജി വകുപ്പും ഇന്‍കെലും നാളെ സംയുക്ത പരിശോധന നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. വേലായുധന്, ഇന്‍കെല്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.