അകലകുന്നത്ത് പെൺകുട്ടികൾക്ക് സ്വയംസുരക്ഷാ പദ്ധതിക്ക് തുടക്കം
1495867
Thursday, January 16, 2025 11:17 PM IST
പൂവത്തിളപ്പ്: അകലക്കുന്നം പഞ്ചായത്ത് പരിധിയിൽ വരുന്ന യുപി, ഹൈസ്കൂൾ തലത്തിലെ മുഴുവൻ പെൺകുട്ടികൾ സ്വയം സുരക്ഷിതരാകുന്നതിനുള്ള പഞ്ചായത്ത് പദ്ധതിക്ക് തുടക്കമായി. ജില്ലാ പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ വനിതകൾക്കും പരിശീലനം നൽകിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം മുഴുവൻ സ്കൂളുകളിലും പെൺകുട്ടികൾക്കായുള്ള സെൽഫ് ഡിഫൻസ് പരിശീലനത്തിന് തുടക്കമായി.
മണലുങ്കൽ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സിന്ധു അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഷാന്റി ബാബു, സ്കൂൾ പ്രഥമാധ്യാപകൻ ജോജി തോമസ്, സിബി തോമസ് എന്നിവർ പ്രസംഗിച്ചു. പ്രത്യേകം പരിശീലനം കിട്ടിയ ജില്ലാ നാർക്കോട്ടിക്സ് സെൽ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ എസ്.പി. പ്രസീത , രമ്യ രവീന്ദ്രൻ എന്നിവർ കുട്ടികൾക്ക് ക്ലാസ് എടുത്തു.