അപകടപാതയായി പിപി റോഡ്
1495873
Thursday, January 16, 2025 11:17 PM IST
പാലാ: മൂവാറ്റുപുഴ - പുനലൂര്‍ സംസ്ഥാന പാതയില്‍ പാലാ-പൊന്‍കുന്നം റോഡില്‍ 12-ാം മൈലില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഇന്നോവ കാര്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ പാതയില്‍ ദിവസേന ഉണ്ടാകുന്നത്.
ശബരിമല ഭക്തര്‍ സഞ്ചരിച്ച കാര്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 12.30 ന് ബസിലിടിച്ച് അപകടമുണ്ടായത്. ഇന്നോവയില്‍ യാത്ര ചെയ്ത ചിലരുടെ നില ഗുരുതരമാണ്. ശബരിമല തീര്‍ഥാടനയാത്ര കഴിഞ്ഞ് തിരികെ വന്നവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. ഒന്‍പത് പേരോളം വാഹനത്തിലുണ്ടായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
കര്‍ണാടകയില്‍നിന്നുള്ള അയ്യപ്പഭക്തരാണ് കാറിലുണ്ടായിരുന്നത്. ബസില്‍ യാത്ര ചെയ്തിരുന്നവര്‍ക്കും അപകടത്തില്‍ പരിക്കുണ്ട്. നിസാര പരിക്കേറ്റ ഇവര്‍ പാലാ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് പാലാ- പൊന്‍കുന്നം റോഡില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു.
പാലാ ഫയര്‍ഫോഴ്സ് എത്തി റോഡില്‍ പരന്ന ഡീസല്‍ കഴുകി വൃത്തിയാക്കി. പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു. കാറിന്റെ ഒരു ഭാഗം മുഴുവന്‍ തകര്‍ന്നിട്ടുണ്ട്. അപകടം നടക്കുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് രണ്ടു വാഹനങ്ങള്‍ ഇവിടെ കൂട്ടിയിടിച്ചിരുന്നു. പാലാ-പൊന്‍കുന്നം റോഡില്‍ പച്ചാത്തോടില് രണ്ടു ദിനം മുന്‍പ് ബൈക്ക് യാത്രക്കാരന് അപകടത്തില്‍ മരിച്ചിരുന്നു.