ഡിസ്ട്രിക്ട് കളക്ടേഴ്സ് ട്രോഫി: പി. കാർത്തിക്കും എസ്. ആദിശങ്കറും ചാമ്പ്യന്മാർ
1495812
Thursday, January 16, 2025 7:05 AM IST
കോട്ടയം: ജില്ലാ ഭരണകൂടവും ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ച ഡിസ്ട്രിക്ട് കളക്ടേഴ്സ് ട്രോഫി ക്വിസ് ചാമ്പ്യൻഷിപ്പിൽ കോതനല്ലൂർ ഇമ്മാനുവേൽ എച്ച്എസ്എസിലെ പി. കാർത്തിക്, എസ്. ആദി ശങ്കർ എന്നിവരുടെ ടീം ചാമ്പ്യന്മാരായി. രാമപുരം സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസിലെ എം.എസ്. ശ്രുതി നന്ദന,
അലൻ ജോജോ എന്നിവരുടെ ടീം റണ്ണറപ്പ് ആയി. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ എ. മുഹമ്മദ് യാസിൻ, ആശിഷ് ബിനോയി എന്നിവരുടെ ടീം മൂന്നാം സ്ഥാനവും ബ്രഹ്മമംഗലം എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസിലെ ടി.കെ. ആദിനാരായണൻ, പി.കെ. ആദിദേവ് എന്നിവരുടെ ടീം നാലാം സ്ഥാനവും നേടി.
കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മത്സരം ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി കൺവീനർ പി.എസ്. ഷിനോ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, സബ് കളക്ടർ ഡി. രഞ്ജിത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ജേക്കബ് ജോൺ, എസ്.ജെ. അഭിശങ്കർ എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം നടന്ന സമാപനച്ചടങ്ങിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്നേഹജ് ശ്രീനിവാസ് ആയിരുന്നു ക്വിസ് മാസ്റ്റർ.