റേഷന്‍കടകളില്‍ നാഴി അരിയില്ല
1495594
Thursday, January 16, 2025 12:20 AM IST
കോട്ടയം: ജില്ലയിലെ 96 റേഷന്‍ കടകളും ശനിയാഴ്ചയോടെ കാലിയാകും. ഓരോ ഇനം റേഷന്‍ കാര്‍ഡുകള്‍ക്കും അര്‍ഹതയനുസരിച്ച് ആനുപാതികമായി അരിയും ആട്ടയും നല്കാന് തികയാതെ വന്നതോടെ ഇന്നലെ കടകളില്‍ ലഭ്യമായ സ്റ്റോക്ക് വിതരണം ചെയ്യേണ്ടിവന്നു. ഇ പോസ് ഇന്നലെ രണ്ടു തവണ തകരാറിലായതോടെ പച്ചരിയും ചാക്കരിയും കുത്തരിയും സ്റ്റോക്കനുസരിച്ച് വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പച്ചരി മാത്രം നല്കേണ്ടിവന്നാല് പലര്‍ക്കും ചോറു വയ്ക്കാന്‍ വകയില്ലാത്ത സാഹചര്യമുണ്ടാക്കും.
ജില്ലയിലെ അഞ്ചു താലൂക്കുകളില്‍ റേഷന്‍ വിതരണം നടത്തുന്നത് അഞ്ച് കരാറുകാരാണ്. കുടിശിക മുടങ്ങിയതിനാല്‍ റേഷന്‍ സാധനങ്ങളുടെ വിതരണ കരാറുകാര്‍ അനിശ്ചിതകാല പണിമുടക്ക് തുടരുകയാണ്. 27 മുതല്‍ റേഷന്‍ കടക്കാരും സമരം തുടങ്ങുകയാണ്.
സപ്ലൈകോ നിയമിച്ച കരാറുകാരാണു റേഷന്‍ കടകളിലേക്കുള്ള വാതില്‍പ്പടി വിതരണം നടത്തുന്നത്. ജില്ലാതലത്തില്‍ എഫ്സിഐ ഗോഡൗണുകളില്‍നിന്ന് ഭക്ഷ്യധാന്യം കയറ്റി പൊതുവിതരണ വകുപ്പിന്റെ ഗോഡൗണുകളില്‍ സംഭരിച്ച ശേഷമാണ് ഓരോ റേഷന്‍ കടകളിലേക്കും വിതരണം നടത്തുന്നത്.
കുടിശിക കിട്ടുന്നതുവരെ വിതരണം നിര്‍ത്തിവയ്ക്കാണ് കരാറുകാരുടെ സംഘടന കേരള ട്രാന്‍സ്പോര്‍ട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ തീരുമാനം. ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്ത വകയില്‍ 88 കോടി രൂപയാണ് കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്. ഒരു താലൂക്കില്‍ വിതരണത്തിനായി ശരാശരി 45 വാഹനങ്ങള്‍ വീതം ഓടുന്നുണ്ട്.
2023 നവംബര്‍ മുതല്‍ ബില്ലുകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടും തുക നല്‍കാതെ വൈകിക്കുകയാണ്. സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിക്ക് അരിയും കമ്മിയാണ്. അരി സ്റ്റോക്കില്ലാത്ത സ്കൂളുകളില്‍ അടുത്തയാഴ്ച ചോറ് മുടങ്ങും. ബംഗാള്‍, ആസാം സംസ്ഥാനങ്ങളിലെ ഒരു വിഭാഗം ഇതര സംസ്ഥാന തൊഴിലാളികളും ഇവിടത്തെ റേഷന്‍ കടകളില്‍നിന്ന് ധാന്യങ്ങള്‍ വാങ്ങുന്നുണ്ട്. ഇവര്‍ക്കും അരി വിതരണം മുടങ്ങും.