ചന്തക്കുളം വൃത്തിയാക്കാത്തതിൽ പ്രതിഷേധം
1495804
Thursday, January 16, 2025 7:05 AM IST
അതിരമ്പുഴ: അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ചുള്ള അലങ്കാരങ്ങൾക്കു മുന്നോടിയായുള്ള ആശീർവാദവും കാൽനാട്ടു കർമവും നടക്കുമ്പോഴും ചന്തക്കുളവും പെണ്ണാർ തോടും മാലിന്യങ്ങൾ നിറഞ്ഞുകിടന്നു. കുളവും തോടും വൃത്തിയാക്കാത്തതിൽ വൻ പ്രതിഷേധം ഉയർന്നു.
എല്ലാ വർഷവും ജനുവരി 15നാണ് അലങ്കാരത്തിനു തുടക്കംകുറിച്ച് ആശീർവാദവും കാൽനാട്ടുകർമവും നടക്കാറുള്ളത്. ഇതിനു മുമ്പായി കുളവും തോടിന്റെ കുളത്തോടു ചേർന്നുള്ള ഭാഗവും പോളയും പായലും മറ്റ് മാലിന്യങ്ങളും നീക്കി വൃത്തിയാക്കാറുള്ളതാണ്. എന്നാൽ ഇത്തവണ അതുണ്ടായില്ല. ഇതാദ്യമായാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ചടങ്ങ് നടന്നത്.
പായലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മറ്റു മാലിന്യങ്ങളും നിറഞ്ഞ കുളത്തിൽ നീന്തിയാണ് തൊഴിലാളികൾ ഇന്നലെ കുളത്തിനു നടുവിൽ അലങ്കാരത്തിനായുള്ള ഇരുമ്പുതൂൺ ഉറപ്പിച്ചത്. ഭീമൻ തൂൺ സ്ഥാപിക്കാൻ തൊഴിലാളികൾക്ക് ഒരു മണിക്കൂറിലേറെ മാലിന്യത്തിൽ മുങ്ങി നിൽക്കേണ്ടി വന്നത് ദയനീയ കാഴ്ചയായി.
കുളം വൃത്തിയാക്കുന്ന കാര്യം നേരത്തേതന്നെ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതായി സമീപമുള്ള വ്യാപാരികളും തൊഴിലാളികളും പറഞ്ഞു. പക്ഷേ നടപടി ഉണ്ടായില്ല.
ഇന്നലെ കാൽനാട്ടു കർമത്തിൽ സംബന്ധിക്കാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ വ്യാപാരികളും തൊഴിലാളികളും നാട്ടുകാരും നേരിട്ടു പ്രതിഷേധം അറിയിച്ചു.