പാലാ സെന്റ് തോമസ് കോളജില്‍ "ലുമിനാരിയ' 19 മുതല്‍
1495868
Thursday, January 16, 2025 11:17 PM IST
പാലാ: സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 19 മുതല്‍ 26 വരെ വിദ്യാഭ്യാസ സാംസ്കാരിക പ്രദര്‍ശന മേളയായ ലുമിനാരിയാ സംഘടിപ്പിക്കും. വിപുലമായ കലാ-സാംസ്കാരിക ചരിത്ര മേളയ്ക്കാണ് പാലാ സെന്റ് തോമസ് കോളജ് സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുന്നത് .
ചരിത്രം, കല, സാഹിത്യം, സംസ്കാരം എന്നീ നാലു മേഖലകളില്‍നിന്നുള്ള അപൂര്‍വ ദൃശ്യങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നത്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, യൂണിവേഴ്സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് തുടങ്ങിയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ പാലാ സ്വദേശി ബിജി ജോസഫ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ശേഖരിച്ച കല്ലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച സുന്ദരശില്പങ്ങളാണ് മേളയിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. പ്രകൃതി സ്വാഭാവികമായി പരുവപ്പെടുത്തിയ സവിശേഷാകൃതിയിലുള്ള കല്ലുകളെ ഒട്ടിച്ചു ചേര്‍ത്തുണ്ടാക്കിയിരിക്കുന്ന ആയിരത്തിയഞ്ഞൂറോളം ശില്പങ്ങള് ബിജി ജോസഫ് കഴിഞ്ഞ 25 വര്‍ഷം നടത്തിയ അന്വേഷണ യാത്രകളുടെയും അധ്വാനത്തിന്റെയും ഫലമാണ്.
കേരളത്തിലെ പ്രശസ്തരായ ചിത്രകാരന്മാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പെയിന്റിംഗ് ബിനാലെയില്‍ ചിത്രപ്രദര്ശനങ്ങള്ക്കൊപ്പം തത്സമയ ചിത്രരചനയും വിദ്യാര്‍ഥികള്‍ക്കുള്ള ചിത്രരചനാ പരിശീലനവുമുണ്ട്. ഫാ. റോയി എം. തോട്ടത്തില്‍ എസ്ജെ, ആര്‍ട്ടിസ്റ്റ് എം.ഡി. സജി, സിസ്റ്റര്‍ മറിയക്കുട്ടി മുല്ലപ്പള്ളില്‍ തുടങ്ങിയവര്‍ നാച്വറലിസ്റ്റിക്, റിയലിസ്റ്റിക്, വിക്ടോറിയന്‍ ശൈലികളിലുള്ള വിവിധ ചിത്രങ്ങളെ പരിചയപ്പെടുത്തും. ജലഛായത്തിന്റെയും എണ്ണഛായത്തിന്റെയും അക്രിലിക് പെയിന്റിംഗിന്റെയും സവിശേഷതകള്‍ വ്യക്തമാക്കുന്ന നൂറിലധികം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഗവണ്മെന്റ് ആര്‍ക്കിയോളജി വകുപ്പിന്റെയും കോളജിലെ ഹിസ്റ്ററി ആര്‍ക്കിയോളജി വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ പുരാവസ്തു പ്രദര്‍ശനവുമുണ്ട്. 1980 കളിലെ ചലച്ചിത്ര ദൃശ്യാനുഭവങ്ങളെയും തിയറ്റര്‍ സങ്കല്പങ്ങളെയും പുനരാവിഷ്കരിക്കുന്ന വെള്ളിത്തിരയിലൂടെ കൗതുകകരമായ ദൃശ്യവിരുന്നാണ് മൊണ്ടാഷ് ഫിലിം ക്ലബും ഇംഗ്ലീഷ് വിഭാഗവും ചേര്‍ന്നു സമ്മാനിക്കുന്നത്.
അഞ്ഞുറില്‍പ്പരം വര്‍ഷം പഴക്കമുള്ള താളിയോലകള്‍, വിഷചികിത്സയുമായി ബന്ധപ്പെട്ട പ്രാചീനകൃതികള്‍, പുരാവസ്തുക്കള്‍ എന്നിവയ്ക്കു പുറമേ ജൂതപ്പള്ളി, ബേക്കല്‍ കോട്ട, നാലുകെട്ട് തുടങ്ങിയവയുടെ മാതൃകകളും കാവിന്റെയും കളമെഴുത്തിന്റെയും ദൃശ്യാവിഷ്കാരവും എം.ടിയുടെ കൃതികളെയും സിനിമകളെയും കഥാപാത്രങ്ങളെയും കേന്ദ്രീകരിച്ചുള്ള എം.ടി നഗറും മലയാള വിഭാഗം ഒരുക്കുന്ന പ്രധാന കാഴ്ചകളാണ്.
ഉത്തരേന്ത്യന്‍ ഗ്രാമത്തിന്റെ വലിയ മാതൃക നിര്‍മിച്ച് പാരിസ്ഥിതികവും സാംസ്കാരികവുമായ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്ന അവതരണമാണ് ഹിന്ദി വിഭാഗം ഒരുക്കുന്നത്.
കരകൗശല വിദ്യയുടെ വൈദഗ്ധ്യത്തെ സന്ദര്‍ശകര്‍ക്ക് നേരിട്ട് കാണാന്‍ അവസരമൊരുക്കുന്ന പൊട്ടേരി, ബാംബൂ ക്രാഫ്റ്റ് മേളകളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സംഘങ്ങളാണ് പങ്കെടുക്കുന്നത്. മണ്‍പാത്രങ്ങള്‍, വിവിധ തരത്തിലുള്ള മുളയുത്പന്നങ്ങള്‍, കൗതുകവസ്തുക്കള്‍ എന്നിവയുടെ തത്സമയ നിര്‍മാണം കാഴ്ചയുടെ വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. അക്വപോണിക്സ്, ഹൈഡ്രോപോണിക്സ് ഉള്‍പ്പെടെയുള്ള ആധുനിക കൃഷിരീതികളെ പരിചയപ്പെടുത്തുന്ന പ്രവര്‍ത്തന മാതൃകകളും വിവിധയിനം വിത്തിനങ്ങളെ പരിചപ്പെടുത്തുന്ന ക്രോപ് മ്യൂസിയവും കോളജിലെ സസ്റ്റയിനബിള്‍ അഗ്രികള്‍ച്ചര്‍ വിഭാഗമാണ് ഒരുക്കിയിരിക്കുന്നത്.