ചെത്തിപ്പുഴ ആശുപത്രിയില്‍ സൗജന്യ ഡയാലിസിസ് പദ്ധതി
1495876
Thursday, January 16, 2025 11:17 PM IST
ചങ്ങനാശേരി: ക്രിസ്തുജയന്തി ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ പൗരോഹിത്യ സുവര്‍ണജൂബിലി സ്മാരക സൗജന്യ ഡയാലിസിസ് ആര്‍ദ്രം പദ്ധതി ആരംഭിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി വര്‍ഷത്തില്‍ 365 ഡയാലിസിസ് അര്‍ഹരായ രോഗികള്‍ക്ക് പൂര്‍ണമായും സൗജന്യമായി നല്‍കും. ഈ സൗജന്യ പദ്ധതി മഹാജൂബിലി വര്‍ഷം മുഴുവന്‍ തുടരും.
മഹാജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം 36 വെരികോസ് വെയിന്‍ സര്‍ജറികളും ദിവസേന രണ്ട് മെഡിക്കല്‍ രോഗികള്‍ക്കും ദിവസേന ഒരു സൈക്യാട്രിക് രോഗിക്കും ആവശ്യമായ എല്ലാ ചികിത്സയും സൗജന്യമായി നല്‍കും.
കൂടാതെ പ്രസവ ചികിത്സ 14,800 രൂപയ്ക്ക് നല്കുന്ന താരാട്ട് പദ്ധതിയും ജനറല്‍ വാര്‍ഡില്‍ അഡ്മിറ്റായിരിക്കുന്ന രോഗികള്‍ക്ക് സൗജന്യ ഭക്ഷണം നല്കുന്ന പദ്ധതിയും മഹാജൂബിലി വര്‍ഷത്തിന്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്. നിബന്ധനകള്‍ക്ക് വിധേയമായി നാലാമത്തെ പ്രസവത്തിന്റെ മുഴുവന്‍ ചെലവുകളും സൗജന്യമായിരിക്കും.
നല്ല ചികിത്സ സാധാരണക്കാരായ ജനങ്ങള്‍ക്കും ലഭ്യമാകണമെന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യ പദ്ധതികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു. സൗജന്യ ആരോഗ്യ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ 0481-2722100 എന്ന നമ്പറില്‍ ബന്ധപ്പെടുക.