കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാൾ: ഉദ്യോഗസ്ഥ ജനപ്രതിനിധി സംഗമം ഇന്ന്
1496109
Friday, January 17, 2025 7:14 AM IST
കുറവിലങ്ങാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാൾ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഇന്നു നാലിന് പള്ളി യോഗശാലയിൽ നടക്കും.
മോൻസ് ജോസഫ് എംഎൽഎയുടെ നിർദേശപ്രകാരം പാലാ ആർഡിഒ കെ.പി. ദീപയാണ് യോഗം വിളിച്ചുചേർത്തിട്ടുള്ളത്. വിദേശങ്ങളിൽനിന്നടക്കം പതിനായിരക്കണക്കായ തീർഥാടകർ എത്തുന്ന തിരുനാൾ എന്ന നിലയിലാണ് സർക്കാർതലത്തിൽ ക്രമീകരണങ്ങൾ ക്രോഡീകരിച്ച് നടപ്പിലാക്കുന്നത്.
പോലീസ്, ഫയർഫോഴ്സ്, എക്സൈസ്, റവന്യു, പൊതുമരാമത്ത്, ആരോഗ്യം, മൃഗസംരക്ഷണം, കെഎസ്ആർടിസി, അളവുകളും തൂക്കങ്ങളും, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ്, സിവിൽ സപ്ലൈസ്, മോട്ടോർ വാഹന വകുപ്പ് എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് പ്രധാനമായും പങ്കെടുക്കുന്നത്.
തിരുനാൾ ദിനങ്ങളിൽ എത്തുന്നവർക്കായി നടത്തേണ്ട ക്രമീകരണങ്ങൾ യോഗം ചർച്ചചെയ്ത് തീരുമാനിക്കും. കുറവിലങ്ങാട് ഇടവകാതിർത്തിയിലുള്ള ത്രിതല പഞ്ചായത്ത് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.
ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ ആമുഖപ്രഭാഷണം നടത്തും.