മാന്നാനം കെഇ കോളജിൽ സെനിത്ത് ആന്‍ഡ് അവേക്ക് നാളെ
1495878
Thursday, January 16, 2025 11:17 PM IST
കോട്ടയം: മാന്നാനം കെഇ കോളജിലെ എംഎസ്ഡബ്ല്യു ഡിപ്പാര്‍ട്ടുമെന്റ് 20 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഏകദിന ആഘോഷ പരിപാടി സെനിത്ത് ആന്‍ഡ് അവേക്ക് നാളെ നടക്കും. രാവിലെ 10നു കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി ചലച്ചിത്രതാരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കോളജ് മാനേജര്‍ ഫാ. കുര്യന് ചാലങ്ങാടി സിഎംഐ അധ്യക്ഷത വഹിക്കും.
ഗായികയും നടിയുമായ അഭയ ഹിരണ്മയി, പ്രിന്‍സിപ്പല്‍ ഡോ. ഐസണ്‍ വി. വഞ്ചിപ്പുരയ്ക്കല്‍, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. എലിസബത്ത് അലക്സാണ്ടര്‍, ഫാക്കല്‍റ്റി കോ ഓര്‍ഡിനേറ്റര്‍മാരായ സാം സണ്ണി, ആനി അന്ന തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
കലാമേളയില്‍ 14 ജില്ലകളെ പ്രതിനിധീകരിച്ച് 725 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഇത്തരം പരിപാടികളിലൂടെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുമാണ് ഡിപ്പാര്‍ട്ടുമെന്റിന്റെ ലക്ഷ്യം. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ സ്പെഷല്‍ സ്കൂളുകള്‍ക്കും വ്യത്യസ്ത ഉപകരണങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റും കോളജ് സമ്മാനിക്കും.
20 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പുതുതായി 20 പദ്ധതികളാണ് ആരംഭിക്കുന്നത്. സമൂഹത്തിലെ വേര്‍തിരിവുകളെ മറികടക്കാനും വിദ്യാര്‍ഥികള്‍ക്കു പ്രഫഷണല്‍ പരിചയവും സാമൂഹിക ബോധവത്കരണവും നല്‍കാനും ലക്ഷ്യമിട്ടാണ് പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത്.