വെള്ളികുളത്ത് ഡെസ്റ്റിനേഷൻ സെന്റർ സ്ഥാപിക്കും: എംഎൽഎ
1496118
Friday, January 17, 2025 10:22 PM IST
തീക്കോയി: കേരള സ്റ്റേറ്റ് റെസ്പോൺസിബിൾ ടൂറിസം മിഷന്റെ സഹകരണത്തോടെ വെള്ളികുളത്ത് ഡെസ്റ്റിനേഷൻ സെന്റർ ആരംഭിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. ടൂറിസ്റ്റ് കേന്ദ്രമായ വാഗമണിന് അഞ്ചു കിലോമീറ്റർ അകലത്തിൽ ഫാം ടൂറിസം, ഫാം സ്റ്റേ, ഹോം സ്റ്റേ, അഡ്വഞ്ചർ ടൂറിസം തുടങ്ങിയ വിപുലമായ സാധ്യതകൾ കണക്കിലെടുത്താണ് ഡെസ്റ്റിനേഷൻ സെന്റർ സ്ഥാപിക്കുന്നത്.
വെള്ളികുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപറേഷന്റെ സഹകരണത്തോടെ ആരംഭിക്കുന്ന സംരംഭത്തിന്റെ സാധ്യതാ വിശകലനയോഗം വെള്ളികുളം സ്കൂൾ ഹാളിൽ നടത്തി. സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേക്കരയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് റെസ്പോൺസബിൾ ടൂറിസം മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. രൂപേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോ-ഓർഡിനേറ്റർ വി.എസ്. ഭഗത് സിംഗ്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം, വെള്ളികുളം ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ജിജിമോൻ വളയത്തിൽ, ജോർജ് അഗസ്റ്റിൻ മാന്നാത്ത്, സണ്ണി ജോസഫ് കണിയാംകണ്ടത്തിൽ, സിസ്റ്റർ മെറ്റി സിഎംസി, കെ.ജെ. ആന്റണി എന്നിവർ പ്രസംഗിച്ചു.