പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസില്‍ :തെങ്ങണ-കുന്നുംപുറം റോഡിന്റെ ടാറിംഗ് ജോലികള്‍ ആരംഭിക്കുന്നു
1495823
Thursday, January 16, 2025 7:33 AM IST
ചങ്ങനാശേരി: പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസില്‍ കുന്നുംപുറം- തെങ്ങണ ഭാഗത്തെ റോഡിന്റെ ടാറിംഗ് ജോലികള്‍ ആരംഭിക്കുന്നു. അഞ്ചു കിലോമീറ്റര്‍ ദൂരമാണ് ടാറിംഗ് ജോലികള്‍ നടത്തുന്നത്. ടാറിംഗ് ജോലികള്‍ കരാറുകാരന് ഏറ്റെടുത്തതായും അടുത്തയാഴ്ച നിര്‍മാണ ജോലികള്‍ ആരംഭിക്കുമെന്നും ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 2023 ജനുവരിയിലാണ് ഈ റോഡിന്റെ നവീകരണത്തിനായി മൂന്നുകോടി രൂപ അനുവദിച്ചത്. ആ തുക വിനിയോഗിച്ചാണ് നവീകരണം നടപ്പാക്കുന്നത്. ഏറെ വാഹനത്തിരക്കുള്ള ഈ റോഡ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്. തെങ്ങണ ഗുഡ്ഷെപ്പേര്‍ഡ് സ്കൂള്‍, പഴയബ്ലോക്ക്, മോസ്കോ, കൈലാത്തുപടി ഭാഗങ്ങളിലാണ് ടാറിംഗ് ഇളകിക്കിടക്കുന്നത്. നിര്‍മാണജോലികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകാതിരുന്നതാണ് നിര്‍മാണം വൈകാന്‍ കാരണമായത്.
ഈ റോഡിന്റെ ഡീലക്സ്പടി ഭാഗത്തെ വളവ് നിവര്‍ത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യവും ശക്തമാണ്.
എന്‍എച്ച്-183 (എംസി റോഡ്)യിലെ പെരുന്തുരുത്തിയില്‍ ആരംഭിച്ച് നാലുകോടി, മോസ്കോ, തെങ്ങണ, പുതുപ്പള്ളി, മണര്‍കാട് വഴി ഏറ്റുമാനൂരിലെത്തുന്ന ബൈപാസാണിത്.