അതിരമ്പുഴ തിരുനാൾ: ചന്തക്കടവിലെ അലങ്കാരത്തിന് തുടക്കമായി
1495803
Thursday, January 16, 2025 7:05 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ചന്തക്കടവിലെ അലങ്കാരത്തിനു തുടക്കമായി. അലങ്കാരത്തിനായി ചന്തക്കുളത്തിനു മധ്യത്തിൽ വലിയ ഇരുമ്പുതൂൺ സ്ഥാപിച്ചു. വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ ആശീർവാദം നിർവഹിച്ചു.
അതിരമ്പുഴ തിരുനാളിലും നഗരപ്രദക്ഷിണത്തിലും സംബന്ധിക്കാനെത്തുന്ന ആയിരക്കണക്കിന് ആളുകളുടെ പ്രധാന ആകർഷണ കേന്ദ്രമാണ് അതിരമ്പുഴ ചന്തക്കടവ്. ചന്തക്കുളവും പരിസരവും ടൗൺ കപ്പേളയും വീഥികളുമെല്ലാം വൈദ്യുത ദീപങ്ങളാൽ ദീപ്തമാകും.
എല്ലാ വർഷവും ജനുവരി 15ന് ഇടവക വികാരിയുടെ ആശീർവാദത്തിനുശേഷം കുളത്തിനു നടുവിൽ തൂൺ സ്ഥാപിക്കുന്നതോടെയാണ് അലങ്കാരത്തിന് തുടക്കമാകുന്നത്. 80 അടിയിലേറെ ഉയരം വരുന്ന ഇരുമ്പുതൂൺ അനേകം തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറിലേറെ നീണ്ട അധ്വാനത്തിനു ശേഷമാണ് ചന്തക്കുളത്തിനു മധ്യത്തിൽ സ്ഥാപിച്ചത്.
അസിസ്റ്റന്റ് വികാരിമാരായ ഫാ. നവീൻ മാമൂട്ടിൽ, ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, കൺവീനർമാരായ ജോർജ്കുട്ടി കുറ്റിയിൽ, പി.വി. മൈക്കിൾ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയിസ് ആൻഡ്രൂസ് മൂലേക്കരി, കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ,
സെബാസ്റ്റ്യൻ മർക്കോസ് കുഴിംതൊട്ടിയിൽ, ചെറിയാൻ കുര്യൻ കുഴുപ്പിൽ, പാരീഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് പ്ലാമൂട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, മെംബർമാരായ ജോസ് അഞ്ജലി, ജോഷി ഇലഞ്ഞിയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.