ശുചീകരണസേനയ്ക്ക് നേതൃത്വം വഹിച്ച ആനന്ദ് ഇനിയില്ല; കണ്ണീരോടെ വിശുദ്ധിസേന
1496119
Friday, January 17, 2025 10:22 PM IST
എരുമേലി: പിതാവിന്റെ പാത പിന്തുടർന്ന് എരുമേലിയിൽ 125 അംഗ ശുചീകരണ സേനയ്ക്ക് ലീഡർ പദവി വഹിച്ച ആനന്ദ് (35) ഇനിയില്ല. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ അപകടത്തിലായിരുന്നു ആനന്ദ് മരിച്ചത്. സ്വദേശമായ മധുരയിൽ ഇന്നലെ സംസ്കാരം നടത്തി.
ഹെൽത്ത് മെഡിക്കൽ സൂപ്പർവൈസർ ശ്രീകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ ഉൾപ്പെടെ നാല് പേർ എരുമേലിയെ പ്രതിനിധീകരിച്ച് സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചു.
ഏറ്റവും മികച്ച സേവനത്തിന് 2018ൽ അന്നത്തെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി പൊന്നാട ചാർത്തിയാണ് ആനന്ദിനെ അനുമോദിച്ചത്. എരുമേലിയുമായി വർഷങ്ങൾ നീണ്ട അടുത്ത ബന്ധമായിരുന്നു ആനന്ദിന്. പിതാവ് ഉദയസൂര്യനായിരുന്നു വിശുദ്ധി സേനയുടെ തുടക്കത്തിൽ എരുമേലിയിൽ ലീഡർ. തുടർന്നാണ് ആനന്ദ് ചുമതലയേറ്റത്. സഹപ്രവർത്തകർക്കൊപ്പം എരുമേലിയിൽ ശുചീകരണത്തിന് പിതാവിനെ പോലെ നേതൃത്വം നൽകിയാണ് ആനന്ദ് എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറിയത്.
കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ആദ്യ പിറന്നാൾ ആഘോഷത്തിന് എരുമേലിയിൽനിന്നു പോയതായിരുന്നു ആനന്ദ്. തുടർന്നാണ് അപകടത്തിൽ മരണപ്പെട്ടത്. ഡ്യൂട്ടി ഉപേക്ഷിച്ചു പോകാൻ പറ്റാതെ അടക്കാനാകാത്ത ദുഃഖം സഹിച്ചാണ് വിശുദ്ധിസേന അംഗങ്ങൾ ഇന്നലെ എരുമേലിയിൽ സേവന നിരതരായത്.