ചങ്ങനാശേരിയിൽ കേന്ദ്രീയവിദ്യാലയം : സ്ഥലം കണ്ടെത്താന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദേശം
1491120
Monday, December 30, 2024 7:28 AM IST
ചങ്ങനാശേരി: ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ കേന്ദ്രീയവിദ്യാലയത്തിന് സ്ഥലം കണ്ടെത്താന്‍ ജില്ലാകളക്ടര്‍ക്ക് കേന്ദ്രമാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശം.
അസംബ്ലി മണ്ഡലത്തില്‍ അഞ്ചേക്കര്‍ സ്ഥലം അനുയോജ്യമായി കണ്ടെത്തി നല്കിയാല് കേന്ദ്രമാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്രീയവിദ്യാലയം ആരംഭിക്കാനാകുമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സ്ഥലം കണ്ടെത്തുന്നതിനൊപ്പം താത്കാലിക പ്രവര്‍ത്തനത്തിന് കെട്ടിടം ലഭ്യമാക്കണമെന്നും ജില്ലാകളക്ടര്‍ക്കു നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ കേന്ദ്രീയവിദ്യാലയം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്രമാനവവിഭവ മന്ത്രിക്കു നേരത്തേ കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം കണ്ടെത്തി നല്കാന് മന്ത്രാലയം ജില്ലാ കളക്ടറോട് നിര്‍ദേശിച്ചിരിക്കുന്നത്.
കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം കണ്ടെത്തി നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി പി.എന്‍. അമീര്‍ ആവശ്യപ്പെട്ടിരുന്നു.
നിയോജകമണ്ഡലം പരിധിയില്‍ അഞ്ച് ഏക്കര്‍ സ്ഥലം കണ്ടെത്തി നല്കാന് ജനപ്രതിനിധികളുടെ ശ്രദ്ധ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.