മുണ്ടക്കയം കോസ്വേ കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
1491678
Wednesday, January 1, 2025 10:31 PM IST
മുണ്ടക്കയം: മുണ്ടക്കയം കോസ്വേ കവലയിൽ വാഹനങ്ങളുടെ അനധികൃത വാഹന പാർക്കിംഗ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.
മുണ്ടക്കയം ബൈപാസിലേക്കും എരുമേലി, കോരുത്തോട് റൂട്ടിലേക്കും പോകുവാനുള്ള വാഹനങ്ങൾ ദേശീയപാതയിൽനിന്നു തിരിഞ്ഞിറങ്ങുമ്പോൾ പാതയുടെ വശത്തെ അനധികൃത വാഹന പാർക്കിംഗ് ഗതാഗതക്കുരുക്കിനിടയാക്കുകയാണ്.
മുണ്ടക്കയം ടൗണിൽ കോസ്വേ കവലയിലെ ചെറിയ റൗണ്ടാന മുതൽ കോസ്വേ പാലത്തിന് സമീപം വരെ റോഡിന്റെ വശത്ത് യാതൊരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. ഇവിടെ വാഹനങ്ങൾ നിർത്തിയിട്ടശേഷം ദൂരെ സ്ഥലങ്ങളിലേക്കു പോകുന്നവർ വരെ ഏറെയാണ്. ഇവിടെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ദേശീയപാതയിലും മുണ്ടക്കയം ടൗണിന്റെ മിക്ക ഭാഗങ്ങളിലും പിന്നീട് വ്യാപിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ കുമളി, കട്ടപ്പന അടക്കമുള്ള ദൂരസ്ഥലങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ ബൈപാസ് റോഡിലേക്ക് കയറാതെ മുണ്ടക്കയം ടൗണിലൂടെ തന്നെ യാത്ര തുടരും.
ടൗണിൽ ടിബി ജംഗ്ഷന് സമീപവും റോഡിന്റെ വശങ്ങളിലെ അനധികൃത വാഹന പാർക്കിംഗ് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അവധി ദിവസങ്ങളിലും സ്കൂൾ സമയങ്ങളിലും ടൗണിൽ വലിയ ഗതാഗതക്കുരുക്കിനാണ് ഇത് വഴിവയ്ക്കുന്നത്.