കാടുകയറാതെ കാട്ടാനയും കടുവയും; വനംവകുപ്പിന് ഉന്നം തെറ്റി
1491574
Wednesday, January 1, 2025 5:32 AM IST
കോട്ടയം: വന്യമൃഗശല്യത്തില്‍ ജീവിതം പൊറുതിമുട്ടിയ ജനങ്ങളെ രക്ഷിക്കാന്‍ വനാതിര്‍ത്തിയില്‍ യാതൊരു നടപടിയുമെടുക്കാതെ വനംവകുപ്പ്. തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം ഉള്‍പ്പെടെ വന്യമൃഗ ഭീഷണിക്ക് കുറവൊന്നുമില്ല.
പാക്കാനത്ത് കുളവിയുടെ കുത്തേറ്റ് അമ്മയും മകളും മരിച്ചത് കഴിഞ്ഞ മാസമാണ്. നാലിടങ്ങളില്‍ കാട്ടുതേനീച്ചയും കുളവിയും കുത്തി എട്ടു പേര് ആശുപത്രിയിലായി. മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടം എല്ലാ ദിവസവും പതിവാണ്. ഭയാനകമായ ഒട്ടനവധി സംഭവങ്ങളുണ്ടായിട്ടും വനജീവികളെ വനത്തില്‍ പാര്‍പ്പിക്കാന്‍ വനംവകുപ്പിന് സാധിക്കുന്നില്ല.
കൃഷിനാശം, പരിക്ക് ഉള്‍പ്പെടെ അന്‍പത് പരാതികള്‍ ലഭിച്ചിട്ടും വനം വകുപ്പിന് നടപടിയില്ല. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി 16 പഞ്ചായത്തുകളിലെ ജനങ്ങളാണ് വന്യജീവികളില്‍ നിന്ന് ദുരിതം നേരിടുന്നത്. കോരുത്തോട്, ഏഞ്ചല്‍വാലി, തുലാപ്പള്ളി, പമ്പാവാലി, മതമ്പ വനാതിര്‍ത്തിയില്‍ കിടങ്ങു കുഴിക്കാനും സൗരോര്‍ജ വേലി നിര്‍മിക്കാനും വനംവകുപ്പ് നാലു മാസം മുന്‍പ് ആസൂത്രണം ചെയ്ത ആശ്വാസപദ്ധതി ഫയലില്‍ കുരുങ്ങി.
മന്ത്രി പറഞ്ഞുപറ്റിച്ചു
വന്യമൃഗശല്യം തടയാന്‍ ജില്ലയുടെ വനാതിര്‍ത്തികളില്‍ ആധുനിക സോളാര്‍ വേലി നിര്‍മിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് ഒക്ടോബര്‍ 17ന് കോരുത്തോട്ടില്‍ നല്കിയ ഉറപ്പ് നടപ്പായില്ല.
വനം വകുപ്പിന്റെ പ്ലാന്‍ ഫണ്ട്, കൃഷി വകുപ്പിന്റെ വികാസ് യോജന പദ്ധതി, നബാര്‍ഡ് ഫണ്ടുകള്‍ ഉപയോഗിച്ച് ആറ് മാസത്തിനകം വേലിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന പറഞ്ഞെങ്കിലും ഒരു മുള്ളുകമ്പി പോലും വലിച്ചില്ല.
കോരുത്തോട്, എരുമേലി, മുണ്ടക്കയം പഞ്ചായത്തുകളിലെ വനാതിര്‍ത്തിയില്‍ 30 കിലോമീറ്ററില്‍ 15 അടി ഉയരത്തില്‍ നിലം തൊടാതെ നില്ക്കുന്ന വേലിയിലൂടെ രാപകല്‍ വൈദ്യുതി പ്രവഹിക്കുന്ന സോളാര്‍ വേലി നിര്‍മിക്കുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്.