മീനച്ചിൽ പഞ്ചായത്തിൽ പ്രഭ തൂകി മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍
1491590
Wednesday, January 1, 2025 5:43 AM IST
മീനച്ചില്‍: ജില്ലാ പഞ്ചായത്ത് 2024-25 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മീനച്ചില്‍ പഞ്ചായത്തില്‍ സ്ഥാപിച്ച നാല് മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നടത്തി. വളഞ്ഞാങ്ങാനം ജംഗ്ഷന്, ഇടമറ്റം രാജീവ് കോളനി, പൂവരണി പള്ളി ഭാഗം, പാറപ്പള്ളി ലക്ഷംവീട് ഭാഗം എന്നിവിടങ്ങളിലാണ് പുതിയ ലൈറ്റുകള്‍ സ്ഥാപിച്ചത്. മൂന്നു വര്‍ഷ ഗ്യാരന്റിയോടുകൂടി കേരള ഇലക്ട്രിക്കല്‍ ലിമിറ്റഡാണ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
വിവിധ കേന്ദ്രങ്ങളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സോജന് തൊടുക അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനില്‍ 75 ലൈറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞതായും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നൂറിനു മുകളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ജോസ് ചെമ്പകശേരി, ഷിബു പൂവേലില്‍, പഞ്ചായത്ത് മെംബര്‍മാരായ സാജോ പൂവത്താനി, ബിജു തുണ്ടിയില്‍, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ഇന്ദു പ്രകാശ്, ബിനോയി നരിതൂക്കില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.