എംജി വാഴ്സിറ്റി : പരീക്ഷാ മൂല്യനിര്‍ണയം ഓണ്‍ലൈനാക്കും; ഗാന്ധി മ്യൂസിയം അടുത്ത വര്‍ഷം
1491575
Wednesday, January 1, 2025 5:32 AM IST
എംജി വാഴ്സിറ്റി ബജറ്റ്: വരവ് 650.87 കോടി, ചെലവ് 672.74 കോടി
കോട്ടയം: എംജി യൂണിവേഴ്സിറ്റി ബജറ്റില്‍ വിദ്യാര്‍ഥികളെ ഗവേഷകരും സംരംഭകരുമായി വളര്‍ത്താനുള്ള പദ്ധതികള്‍ക്കും സാമ്പത്തികഭദ്രതയും ഊര്‍ജ സ്വയംപര്യാപ്തതയും ലക്ഷ്യമിടുന്ന ആശയങ്ങള്‍ക്കും മുന്‍ഗണന.
വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ ധനകാര്യ ഉപസമിതി കണ്‍വീനര്‍ പി. ഹരികൃഷ്ണന് 650.87 കോടി രൂപ വരവും 672.74 കോടി രൂപ ചെലവും 21.86 കോടി രൂപ റവന്യു കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു.
ക്ലാസ് മുറികളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സംരംഭകത്വവും തമ്മിലുള്ള അകലം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നുണ്ടെന്നും നാലു വര്‍ഷ ബിരുദ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന വിജ്ഞാന സമൂഹത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
ഓരോ പഠനവകുപ്പും ഒരു നൂതന ആശയമെങ്കിലും സംരംഭമാക്കി മാറ്റുന്നതിന് പ്രോത്സാഹനം നല്കുന്ന പദ്ധതിയും നടപ്പാക്കും. രണ്ടു പദ്ധതികള്‍ക്കും 50 ലക്ഷം രൂപ വീതം ചെലവഴിക്കും.
സംരംഭക പാര്‍ക്ക്
നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ നൂതന ആശയങ്ങള്‍ പരീക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും സംരംഭക പാര്‍ക്ക് സ്ഥാപിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് സംവിധാനവും ഡാറ്റാബേസും സജ്ജമാക്കും.
എല്ലാ വര്‍ഷവും മഹാത്മാ ഗാന്ധിയുടെ പേരില്‍ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ഗാന്ധി മ്യൂസിയം പ്രവര്‍ത്തനമാരംഭിക്കും. മ്യൂസിയം സജ്ജീകരിക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി.ഡോ. ബി.ആര്. അബേദ്കറുടെ പേരില്‍ ഭരണഘടനാ-പാര്‍ലമെന്ററി പഠന കേന്ദ്രം ആരംഭിക്കുന്നതിന് പത്തു ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്.
ടെക്നോളജി ഡാറ്റാ ബാങ്ക്
വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ സംരംഭങ്ങളാക്കി മാറ്റുന്നതിന് പിന്തുണ നല്‍കും. സര്‍വകലാശാലയില്‍നിന്നും സംരംഭങ്ങളായി വളര്‍ന്ന ആശയങ്ങള്‍ ഉള്‍പ്പെടുത്തി ടെക്നോളജി ഡാറ്റാ ബാങ്ക് തയാറാക്കും. ഡാറ്റാ ബാങ്കിനും സര്‍വകലാശാലയിലെ ഗവേഷകര്‍ ഇതുവരെ നേടിയ പേറ്റന്റുകള്‍ വ്യവസായ സമൂഹത്തിനും പൊതുജനങ്ങള്‍ക്കും പരിചയപ്പെടുത്താന്‍ ലക്ഷ്യമിടുന്ന പേറ്റന്റ് ആന്‍ഡ് റിസര്‍ച്ച് ഗാലറിക്കും 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
മുന്‍ വൈസ് ചാന്‍സലര്‍ യു.ആര്. അനന്തമൂര്‍ത്തിയുടെ പേരില്‍ സ്കൂള്‍ ഓഫ് ഡിജിറ്റല്‍ മീഡിയ ആന്‍ഡ് വിഷ്വല്‍ സ്റ്റഡീസ് തുടങ്ങും. ഇതിന് അഞ്ചു ലക്ഷം രൂപ ചെലവഴിക്കും. പഠന വകുപ്പുകള്‍ക്കായി 11.25 കോടി രൂപയും തെരഞ്ഞെടുത്ത ഇന്റര്‍ സ്കൂള്‍ സെന്ററുകള്‍ക്ക് 4.75 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
പരീക്ഷാ മൂല്യനിര്‍ണയം ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തി. പരീക്ഷാ വിഭാഗത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷിക്കുന്ന ദിവസം തന്നെയോ പരമാവധി മൂന്നു ദിവസങ്ങള്‍ക്കുള്ളിലോ നല്‍കുന്നതിന് ഗ്രീന്‍ ചാനല്‍ സംവിധാനം ഏര്‍പ്പെടുത്തും. കാമ്പസിലെ ജൈവ മാലിന്യത്തില്‍നിന്നുള്ള ഊര്‍ജോത്പാദനത്തിന് 25 ലക്ഷം രൂപ നീക്കിവച്ചു.
കണ്വന്ഷന് സെന്റര്‍
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മള്‍ട്ടി പര്‍പ്പസ് കണ്വന്ഷന് സെന്റര്‍ നിര്‍മിക്കുന്നതിന് മൂന്നു കോടി വകയിരുത്തി. ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഫണ്ട് രൂപീകരിക്കും. ആദ്യഘട്ടമായി ഇതിനായി അഞ്ചു കോടി രൂപ ചെലവിടും.
നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളെക്കുറിച്ച് അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും തുടര്‍പരിശീലനം നല്കാന് 50 ലക്ഷം ഉള്‍പ്പെടുത്തി. ഏപ്രില്‍ മുതല്‍ ജൂലൈവരെ താലൂക്ക് ആസ്ഥാനങ്ങളില്‍ പ്രവേശന ഹെല്‍പ്പ് ഡെസ്കുകള്‍ ക്രമീകരിക്കും.
ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ ചെലവിടും. പഠന വകുപ്പുകളിലെ അധ്യാപകര്‍ക്ക് അക്കാദമിക് പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നതിനായി ട്രാവല്‍ ഗ്രാന്റ് ലഭ്യമാക്കും. യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിജിറ്റല്‍ മ്യൂസിയോളജി ആന്‍ഡ് ടൂറിസത്തിന് 25 ലക്ഷം രൂപ ചെലവിടും.
പത്രസമ്മേളനത്തില്‍ സിന്‍ഡിക്കറ്റ് അംഗങ്ങളായ ജോബ് മൈക്കിള്‍ എംഎല്‍എ, റെജി സക്കറിയ, പി. ഹരികൃഷ്ണന്, രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന് എന്നിവരും പങ്കെടുത്തു.