രണ്ടാമതൊരു ഗ്രാമവണ്ടി ഇന്ന് ഓടിത്തുടങ്ങും
1491659
Wednesday, January 1, 2025 7:08 AM IST
കടുത്തുരുത്തി: കടുത്തുരുത്തിയിലെ ഗ്രാമീണ മേഖലകളില്‍ പുതുവര്ഷത്തോടുനുബന്ധിച്ചു രണ്ടാമതൊരു ഗ്രാമവണ്ടി കൂടി ഓടിത്തുടങ്ങും. പുതിയ ഗ്രാമവണ്ടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് കിഴൂര്‍ പ്ലാചുവട്ടില് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി നിര്‍വഹിക്കും.
തദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കെഎസ്ആര്‍ടിസി നടപ്പിലാക്കുന്ന ഗ്രാമവണ്ടി പദ്ധതി കടുത്തുരുത്തി, തലയോലപ്പറമ്പ്, മുളക്കുളം, ഞീഴൂര്‍ എന്നീ പഞ്ചായത്തുകളിലാണ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നത്. രണ്ടാമത്തെ വണ്ടിയാണ് ഇന്ന് മുതല്‍ ഓടി തുടങ്ങുന്നത്. വൈക്കത്തുനിന്നും രാവിലെ ഏഴിന് ആരംഭിച്ചു വല്ലകം, വടയാര്‍, തലയോലപ്പറമ്പ്, പൊടിപാലം, പ്ലാംചുവട്, എസ്വിഡി രാജഗിരി, കൂവേലി, ഞീഴൂര്‍, ഭജനമഠം, വാക്കാട് വഴി കുര്യനാടെത്തുന്ന വിധത്തിലാണ് സര്‍വീസ്.
തിരിച്ചു ഒമ്പതിന് കുര്യനാട് നിന്നും ആരംഭിച്ചു 10.45ന് വൈക്കത്തും, 2.30ന് വൈക്കത്ത് നിന്നും ആരംഭിച്ചു 3.50 ന് ഭജനമഠത്തും 4.10 ന് ഭജനമഠത്തുനിന്നും ആരംഭിച്ചു 5.30ന് വൈക്കത്തും സമാപിക്കുന്ന വിധത്തിലാണ് പുതിയ ബസിന്റെ സമയക്രമം.
രണ്ടാമതൊരു ബസ് കൂടിയെത്തുമ്പോള്‍ കടുത്തുരുത്തിയിലും സമീപ പ്രദേശങ്ങളിലുമായി പൊതുഗതാഗത സൗകര്യം കുറവുള്ള നിരവധി മേഖലകളിലെ ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി പറഞ്ഞു. ഉദ്ഘാടനയോഗത്തില്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങളും നാട്ടുകാരും പങ്കെടുക്കും.