രണ്ടാമതൊരു ഗ്രാമവണ്ടി കൂടി ഓടിത്തുടങ്ങി
1491939
Thursday, January 2, 2025 7:33 AM IST
കടുത്തുരുത്തി: കടുത്തുരുത്തിയിലെ ഗ്രാമീണ മേഖലകളില്‍ പുതുവര്ഷത്തോടനുബന്ധിച്ചു രണ്ടാമതൊരു ഗ്രാമവണ്ടി കൂടി ഓടിത്തുടങ്ങി. പുതിയ ഗ്രാമവണ്ടിയുടെ ഉദ്ഘാടനം കിഴൂര്‍ പ്ലാചുവട്ടില് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി നിര്‍വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, മെംബര്‍മാരായ സെലീനാമ്മ ജോര്‍ജ്, നയന ബിജു, സ്കറിയ വര്‍ക്കി, നാട്ടുകാര്‍ തുടങ്ങിയവരും ഉദ്ഘാടനയാത്രയില്‍ പങ്കെടുത്തു. ഗ്രാമവണ്ടിക്കു മുളക്കുളം പഞ്ചായത്ത് പത്താം വാര്‍ഡില്‍ പ്ലാഞ്ചുവട് ജംഗ്ഷനില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. വാസുദേവന്‍ നായര്‍, വാര്‍ഡ് മെംബര്‍മാരായ ജോയി നടുവിലേഴം, സാലി ജോര്‍ജ്, ഷിജി കുര്യന് എന്നിവരും കടുത്തുരുത്തി പഞ്ചായത്തിലെ ഉദയഗിരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത,
മെംബര്‍മാരായ ജെയ്സണ്‍ വര്‍ഗീസ്, രാജു കുന്നേല്‍, ബെന്നിച്ചന് പുതുക്കളത്തില്‍, ജോസ് ജയിംസ് പുലിയളക്കല്‍ എന്നിവര്‍ ചേര്‍ന്നും സ്വീകരിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കെഎസ്ആര്‍ടിസി നടപ്പിലാക്കുന്ന ഗ്രാമവണ്ടി പദ്ധതി കടുത്തുരുത്തി, തലയോലപ്പറമ്പ്, മുളക്കുളം, ഞീഴൂര്‍ എന്നീ പഞ്ചായത്തുകളിലാണ് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നത്.
രണ്ടാമത്തെ വണ്ടിയാണ് ഇന്നലെ മുതല്‍ ഓടി തുടങ്ങിയത്. വൈക്കത്തുനിന്നും രാവിലെ ഏഴിന് ആരംഭിച്ചു വല്ലകം, വടയാര്‍, തലയോലപ്പറമ്പ്, പൊടിപാലം, പ്ലാംചുവട്, എസ്വിഡി രാജഗിരി, കൂവേലി, ഞീഴൂര്‍, ഭജനമഠം, വാക്കാട് വഴി കുര്യനാടെത്തുന്ന വിധത്തിലാണ് സര്‍വീസ്. തിരിച്ചു ഒമ്പതിന് കുര്യനാട് നിന്നും ആരംഭിച്ചു
10.45ന് വൈക്കത്തും, 2.30ന് വൈക്കത്ത് നിന്നും ആരംഭിച്ചു 3.50 ന് ഭജനമഠത്തും 4.10 ന് ഭജനമഠത്തുനിന്നും ആരംഭിച്ചു 5.30ന് വൈക്കത്തും സമാപിക്കുന്ന വിധത്തിലാണ് പുതിയ ബസിന്റെ സമയക്രമം.