വൈക്കത്തുനിന്ന് ചെന്നൈ, വേളാങ്കണ്ണി ബസ് സർവീസുകൾ ആരംഭിച്ചു
1491723
Wednesday, January 1, 2025 11:23 PM IST
വൈക്കം: തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷന്റെ വൈക്കം-ചെന്നൈ, വൈക്കം-വേളാങ്കണ്ണി ബസ് സർവീസുകൾക്കു തുടക്കമായി. വൈക്കം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന യോഗത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കറും ചേർന്ന് ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കത്തേയ്ക്ക് ബസ് ഓടിക്കാനുള്ള തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ തീരുമാനം സന്തോഷകരമാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്ന തെങ്കാശി-ആര്യങ്കാവ് ബസ് സർവീസ് കേരളത്തിലെ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വൈക്കത്തേയ്ക്കുള്ള സർവീസിന് ചരിത്ര പ്രാധാന്യമുണ്ടെന്ന് തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ പറഞ്ഞു. തലയോലപ്പറമ്പ് പഞ്ചായത്ത് അംഗം സജിമോൻ വർഗീസും ഭാര്യ പ്രിൻസിയും ചേർന്ന് ആദ്യടിക്കറ്റ് മന്ത്രിമാരിൽനിന്ന് ഏറ്റുവാങ്ങി.
സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ്, വൈസ് ചെയർപേഴ്സൺ പി.ടി. സുഭാഷ്, പ്രതിപക്ഷ നേതാവ് എസ്. ഹരിദാസൻ നായർ, എസ്ഇടിസി മാനേജിംഗ് ഡയറക്ടർ ആർ. മോഹൻ കെഎസ്ആർടിസി ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ്കുമാർ, കെഎസ്ആർടിസി ചീഫ് ട്രാഫിക് ഓഫീസർ ടി.എ. ഉബൈദ്, കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രമോജ് ശങ്കർ, അസി. ട്രാൻസ്പോർട്ട് ഓഫീസർ എ.ടി. ഷിബു എന്നിവർ പ്രസംഗിച്ചു.