മാന്നാനത്ത് പ്രധാന തിരുനാൾ ഇന്നും നാളെയും
1491728
Wednesday, January 1, 2025 11:24 PM IST
മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന്റെ പ്രധാന ആഘോഷങ്ങൾ ഇന്നും നാളെയും നടക്കും. പ്രധാന ദിനങ്ങളിലേക്ക് കടന്നതോടെ പള്ളിയിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമാണ്.
ഇന്നു രാവിലെ 11 ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം 6.30ന് ജപമാല പ്രദക്ഷിണം.
പള്ളിയിൽ ആരംഭിക്കുന്ന ജപമാല പ്രദക്ഷിണം ഫാത്തിമമാതാ കപ്പേള വഴി കെഇ സ്കൂൾ കാമ്പസിലെ പ്രോട്ടോയിൽ എത്തി സമാപിക്കും. തുടർന്ന് പരിശുദ്ധ അമ്മയുടെ വിമലഹൃദയ പ്രതിഷ്ഠ നടക്കും.
നാളെ രാവിലെ എട്ടിന് സിഎംഐ സഭ പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിൽ വിശുദ്ധ കുർബാന അർപ്പിക്കും. 11ന് സിഎംഐ സഭയ്ക്കുവേണ്ടി ഈ വർഷം പൗരോഹിത്യം സ്വീകരിച്ച നവവൈദികർ ചേർന്ന് അർപ്പിക്കുന്ന വിശുദ്ധ കുർബാന.
ഉച്ചയ്ക്ക് ഒന്നിന് പ്രസിദ്ധമായ പിടിയരി ഊട്ടുനേർച്ച ആരംഭിക്കും. തിരുനാളിൽ സംബന്ധിക്കാൻ എത്തുന്ന മുഴുവൻ വിശ്വാസികളും ഊട്ടുനേർച്ചയിൽ പങ്കാളികളാകും.
വൈകുന്നേരം അഞ്ചിന് പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന.
6.30ന് പള്ളിയിൽനിന്ന് തിരുനാൾ പ്രദക്ഷിണം. വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം സംവഹിക്കപ്പെടുന്ന പ്രദക്ഷിണം കെഇ കോളജ്, മറ്റപ്പള്ളി കവല, ഫാത്തിമമാതാ കപ്പേള വഴി പള്ളിയിൽ തിരികെയെത്തി സമാപിക്കും. തുടർന്ന് തിരുശേഷിപ്പ് വണക്കവും കൊടിയിറക്കലും നടക്കും.