സിപിഎം ജില്ലാ സമ്മേളനത്തിന് നാളെ പാമ്പാടിയില്‍ തുടക്കം
1491578
Wednesday, January 1, 2025 5:33 AM IST
കോട്ടയം: ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സിപിഎം ജില്ലാ സമ്മേളനം നാളെമുതല്‍ ഞായര്‍വരെ പാമ്പാടി സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. നാളെ രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്യും.
ഡോ. ടി. എം. തോമസ് ഐസക്ക്, കെ.കെ. ശൈലജ. എ.കെ. ബാലന്, കെ. രാധാകൃഷ്ണന്, സി.എസ്. സുജാത, ടി.പി. രാമകൃഷ്ണന്. വി.എന്‍. വാസവന്, കെ.കെ. ജയചന്ദ്രന്, ആനാവൂര്‍ നാഗപ്പന്, പി.കെ. ബിജു എന്നിവര്‍ പങ്കെടുക്കും. അഞ്ചിന് വൈകുന്നേരം നാലിന് മാര്‍ച്ചും പ്രകടനവും നടക്കും. തുടര്‍ന്ന് പാമ്പാടി കമ്യൂണിറ്റി ഹാള്‍ മൈതാനത്ത് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ജില്ലാ സമ്മേളനത്തിന് മുന്നോടിയായി 1761 ബ്രാഞ്ച്, 24 ലോക്കല്‍, 12 ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. 28,284 പാര്‍ട്ടി അംഗങ്ങളാണ് ജില്ലയിലുള്ളത്.
കൂട്ടിക്കല്‍ ദുരന്ത ബാധിതര്‍ക്ക് 25 വീടുകള്‍ നിര്‍മിച്ച് നല്‍കാനായെന്നും പാര്‍ട്ടിയെയും വര്‍ഗ സംഘടനകളെയും ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ജില്ലാ സെക്രട്ടറി എ.വി. റസല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കെ.അനില്‍ കുമാര്‍, കെ.എം. രാധാകൃഷ്ണന്, സുഭാഷ് പി. വര്‍ഗീസ്, ഇ.എസ്.സാബു എന്നിവരും പങ്കെടുത്തു.