ഞാലിപ്പൂവന് കൃഷി ഇല്ലാതാക്കാന്‍ ഇതരസംസ്ഥാന ലോബിയെന്ന്
1491654
Wednesday, January 1, 2025 6:57 AM IST
കോട്ടയം: ഞാലിപ്പൂവന് വാഴക്കൃഷി ഇല്ലാതാക്കാന്‍ ശ്രമം. നാട്ടില്‍പുറങ്ങളില്‍ വ്യാപകമായി കുറഞ്ഞ ചെലവില്‍ കൃഷിചെയ്തുകൊണ്ടിരുന്ന ഞാലിപ്പൂവന് വാഴക്കൃഷി ഇതരസംസ്ഥാന ലോബിയുടെ ഇടപെടല്‍മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എല്ലാസമയത്തും വിപണിയില്‍ 40 രൂപയ്ക്ക് മുകളില്‍ ഞാലിപ്പൂവന് കായ്ക്കു വിലയുണ്ട്.
ജനുവരി മുതല്‍ മേയ് വരെയുള്ള സമയത്ത് 100രൂപ വരെ ഞാലിപ്പൂവന് പഴത്തിനു വില ലഭിക്കും. പരിപാലനച്ചെലവ് കുറവായതിനാലും എല്ലാ സമയത്തും വിപണിയില്‍ ആവശ്യക്കാരുള്ളതിനാലും വ്യാപകമായി കര്‍ഷകര്‍ ഇതുകൃഷിചെയ്തു പോന്നിരുന്നു.
നാട്ടിന്‍പുറങ്ങളില്‍ പണ്ട് ഉണ്ടായിരുന്ന ഞാലിപ്പുവന് വാഴകളെക്കാള്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള കുലകള്‍ക്കു തൂക്കം ലഭിക്കുമെന്ന പ്രചാരണം വന്നതോടെ കര്‍ഷകര്‍ അന്യസംസ്ഥാന വിത്തുകള്‍ വ്യാപകമായി കൃഷി ചെയ്യാന്‍ തുടങ്ങി. വാഴയിലയ്ക്കും സംസ്ഥാനത്ത് ഡിമാന്‍ഡ് വര്‍ധിച്ചതോടെ കൃഷി ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചു. അതോടെ ഇവിടുത്തെ വിപണിയിൽ നാടന്‍ ഞാലിപ്പൂവന് വലിയതോതില്‍ എത്താന്‍ തുടങ്ങി.
ഇതോടെ ഇതരസംസ്ഥാന ലോബി കേരളത്തിലെ ഞാലിപ്പൂവന് വാഴക്കൃഷി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വാഴവിത്തുകളില് വ്യാപകമായ കൃത്രിമങ്ങള്‍ നടത്താന്‍ തുടങ്ങി. ഓരോവര്‍ഷവും പുതിയ വിത്തുകള്‍ കച്ചവടക്കാരില്‍നിന്നു വാങ്ങി കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ ഉത്പാദനം കുറഞ്ഞതോടെ കൃഷി ഉപേക്ഷിച്ചു.
ഈ സാഹചര്യത്തില്‍ ഗുണനിലവാരമുള്ള ഞാലിപ്പൂവന് വിത്തുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ കൃഷിവകുപ്പ് നടപടി സ്വീകരിക്കണമെന്ന് വാഴകര്ഷകനും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എബി ഐപ്പ് ആവശ്യപ്പെട്ടു.