സബ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടികളില്ല
1491941
Thursday, January 2, 2025 7:33 AM IST
കടുത്തുരുത്തി: ഒന്നര വര്‍ഷം മുമ്പ് ആഘോഷത്തോടെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഞീഴൂര്‍ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം സബ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടികളില്ല. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു പൂര്‍ത്തിയാക്കിയ കെട്ടിടം ഉപയോഗശൂന്യമായി നശിക്കുന്നു.
2023 ജൂണ്‍ 29 ന് മന്ത്രി വി.എന്‍. വാസവന് പങ്കെടുത്ത സമ്മേളനത്തിലാണ് ഞീഴൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം പ്രാഥമികാരോഗ്യ കേന്ദ്രം സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. കെട്ടിടം പണി മാത്രം പൂര്‍ത്തിയാക്കി മറ്റു നടപടികളൊന്നും പൂര്‍ത്തിയാക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്ന് അന്നേ ആക്ഷേപം ഉയര്‍ന്നിരുന്നു.
സിപിഎം പ്രതിനിധിയായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. സുഷമ്മ എല്‍ഡിഎഫിലെ ധാരണയനുസരിച്ചു 2023 ജൂണ്‍ 30ന് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. ഇതിന് മുമ്പായി ഉദ്ഘാടനം നടത്താനാണ് നടപടികളൊന്നും പൂര്‍ത്തിയാകാതെ കെട്ടിടം ഉദ്ഘാടനം ചെയ്തതെന്നായിരുന്നു പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചത്. പഞ്ചായത്ത് പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ ദൂരെ കാട്ടാമ്പാക്കിലാണ് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ഞീഴൂര്‍, മരങ്ങോലി, ശാന്തിപുരം, വാക്കാട് തുടങ്ങിയ ദൂരെ സ്ഥലങ്ങളിലുള്ള രോഗികള്‍ക്ക് ഇവിടെയെത്താന്‍ ബുന്ധിമുട്ടുകളുണ്ട്. ഇതു പരിഹരിക്കുന്നതിനാണ് ആഴ്ച്ചയില്‍ രണ്ട് ദിവസം ഞീഴൂര്‍ ടൗണില്‍ പ്രാഥമികാരോഗ്യകേന്ദ്രം സബ് സെന്റര്‍ തുടങ്ങാന്‍ പദ്ധതിയിട്ടത്.
ഉദ്ഘാടനം നടത്തി ഒന്നര വര്‍ഷം പിന്നിടുമ്പോഴും സബ് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കാനായിട്ടില്ല. സബ് സെന്ററിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാനാവുമെന്ന് വ്യക്തമായ ഉത്തരം നല്കാന് പഞ്ചായത്തിനും കഴിയുന്നില്ല.