കരിയാറിൽ പോള പായൽ നിറഞ്ഞു : മത്സ്യബന്ധനത്തിനും വിനോദ സഞ്ചാരത്തിനും പൂട്ടു വീണു
1491938
Thursday, January 2, 2025 7:24 AM IST
വൈക്കം: വേലിയേറ്റം ശക്തമായതോടെ വേമ്പനാട്ടുകായലിൽ നിന്നു കരിയാറിലേക്ക് പോളപ്പായൽ ഒഴുകിയെത്തിയത് ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും തടസമാകുന്നു.
തോട്ടകം കുപ്പേടിക്കാവ് ക്ഷേത്രത്തിനു സമീപം മുതൽ ചെമ്മനത്തുകര കടവ് വരെ കനത്തതോതിൽ പോളപ്പായൽ തിങ്ങിയിരിക്കുകയാണ്. കരിയാറിൽ ചെറുവള്ളങ്ങളിലെത്തി വലയിട്ട് മത്സ്യം പിടിക്കുന്ന തൊഴിലാളികൾക്കും പുല്ലുചെത്തി വിറ്റ് ഉപജീവനം നടത്തുന്ന നിർധന തൊഴിലാളികൾക്കും പോളപ്പായലിനിടയിലൂടെ തുഴഞ്ഞു പോകാനാവാത്ത സ്ഥിതിയാണ്.കഴിഞ്ഞ മൂന്നു ദിവസമായി പോള പായൽ വരവ് വർധിച്ചിരിക്കുകയാണ്.
പുല്ല് ചെത്തി ചെറുവളളത്തിൽ കയറ്റി കൊണ്ടുവരുന്ന തൊഴിലാളികൾ മണിക്കൂറുകളോളമെടുത്താണ് കടവിൽ വള്ളമടുപ്പിച്ച് പുല്ലിറക്കുന്നത്. കരിയാറിൽ മത്സ്യം പിടിക്കാനെത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് പോളപായൽ പുഴയിലുടനീളം നിറഞ്ഞതിനാൽ വലയിടാനാകുന്നില്ല.
വൈക്കം മുണ്ടാറിലും കരിയാറിലെ വിവിധ ഭാഗങ്ങളിലും വേമ്പനാട്ടുകായലിലും ശിക്കാര വള്ളങ്ങളിൽ വിനോദ സഞ്ചാരികളുമായെത്തിരുന്ന ടൂർ ഓപ്പറേറ്റർമാർക്കും പോള പായൽ തിരിച്ചടിയായി. കനത്ത തോതിൽ അടിഞ്ഞ പോളപ്പായലും മറ്റ് അവശിഷ്ടങ്ങളും ചീഞ്ഞളിഞ്ഞ് കടുത്ത ദുർഗന്ധം വമിക്കുന്നത് വിനോദ സഞ്ചാരികളേയും അലോസരപ്പെടുത്തുന്നു.
കായലിൽ നിന്ന് കരിയാറിലേക്ക് വേലിയേറ്റത്തിൽ കയറി വരുന്ന പോളപായൽ വേലിയിറക്കത്തിൽ തിരിച്ച് കായലിലേക്ക് ഒഴുകിപ്പോകാത്തതാണ് കരിയാറിൽ പോളപ്പായൽ നിറയാൻ ഇടയാക്കുന്നത്. വലിയാനപ്പുഴ പാലത്തിനു സമീപം പുല്ലുവളർന്നു തിങ്ങി നീരൊഴുക്ക് തടസപ്പെട്ടതും തോട്ടുവക്കത്ത് ഓരുമുട്ട് സ്ഥാപിച്ചതോടെ ഒഴുക്കു നിലച്ചതുമാണ് പായൽ ഒഴുകിപ്പോകുന്നതിന് തടസമാകുന്നത്.
കരിയാറിൽ നിന്ന് പോളപ്പായൽ നീക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.