പുതുവർഷത്തെ വരവേറ്റ് നാടും നഗരവും
1491649
Wednesday, January 1, 2025 6:57 AM IST
കോട്ടയം: ആഹ്ളാദത്തോടെ നാടും നഗരവും പുതുവര്‍ഷത്തെ വരവേറ്റു. വടവാതൂര്‍-മോസ്കോ ബണ്ട് റോഡില്‍ 50 അടി ഉയരത്തില്‍ നിര്‍മിച്ച കൂറ്റന്‍ പാപ്പാഞ്ഞിയെ കത്തിച്ചാണ് 2025നെ വരവേറ്റത്. മീനന്തറയാറിന്റെ സമീപമുള്ള പാടശേഖരത്തിലായിരുന്നു 50 അടി ഉയരത്തിലുള്ള ഭീമന് പാപ്പാഞ്ഞിയെ കോട്ടയം കാര്‍ണിവല്‍ എന്ന പുതുവര്‍ഷ ആഘോഷപരിപാടിയുടെ ഭാഗമായി കത്തിച്ചത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ പുതുവര്‍ഷ ആഘോഷമാണ് ഇവിടെ നടന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിനാളുകള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പങ്കെടുക്കാനെത്തിയവര്‍ക്കായി ആയിരത്തോളം ഇരിപ്പടങ്ങളും കുടുംബശ്രീയുടെ ഫുഡ് കോര്ട്ടുകളുമുണ്ടായിരുന്നു. പ്രദേശവാസികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഗ്രാമീണ ടൂറിസം മേഖല എന്ന നിലയില്‍ ഒട്ടേറെ പേരെത്തുന്ന വടവാതൂര്‍ ബണ്ട് റോഡിന്റെ സൗന്ദര്യ കാഴ്ചകൾ പുതുവത്സരാഘോഷത്തിനു മാറ്റുകൂട്ടി. മുന്‍ വര്‍ഷങ്ങളില്‍ വിജയപുരം പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ പുതുവത്സരാഘോഷം സംഘടിപ്പിച്ചിരുന്നത്. ഇത്തവണ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി രൂപീകരിച്ച കോട്ടയം കാര്‍ണിവല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു പുതുവത്സരാഘോഷം.
രണ്ടു ദിവസങ്ങളിലായി സാംസ്കാരികോത്സവവും കാര്‍ണിവല്‍ സൊസൈറ്റിയുടെ ഉദ്ഘാടനവും തുടര്‍ന്ന് പുതുവത്സരാഘോഷം എന്ന നിലയിലാണ് പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ നിര്യാണവുമായി ബന്ധപ്പെട്ട ദുഃഖാചരണം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കുകയായിരുന്നുവെന്ന് വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമന്‍കുട്ടി പറഞ്ഞു.
കോട്ടയം, കുമരകം, ചിങ്ങവനം, കിടങ്ങൂര്‍, അയര്‍ക്കുന്നം, അതിരമ്പുഴ, പള്ളിക്കത്തോട് എന്നിവിടങ്ങളിലും വിവിധ സംഘടനകളുടെയും ക്ലബുകളുടെയും ആഭിമുഖ്യത്തില്‍ പുതുവത്സരാഘോഷം നടന്നു. ആഘോഷം അതിരുവിടാതിരിക്കാന്‍ എല്ലായിടത്തും പോലീസിന്റെ കര്‍ശന നിരീക്ഷണവും പരിശോധനയുമുണ്ടായിരുന്നു