സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്നു പാമ്പാടിയില്‍ തുടക്കം
1491725
Wednesday, January 1, 2025 11:23 PM IST
കോട്ടയം: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്നു പാമ്പാടിയില്‍ കൊടിയുയരും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു പാതാക, കൊടിമര, ബാനര്‍ ജാഥകള്‍ വൈകുന്നേരം 4.30ന് പാമ്പാടി പോലീസ് സ്റ്റേഷന് മൈതാനത്ത് എത്തിച്ചേരും. തുടര്‍ന്ന് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്മാന് കെ.എം. രാധാകൃഷ്ണന് പതാക ഉയര്‍ത്തും. തുടര്‍ന്ന് ആദ്യകാല പാര്‍ട്ടി നേതാക്കളെ മന്ത്രി വി.എന്‍.വാസവന് ആദരിക്കും.
ജില്ലാ സെക്രട്ടറി എ.വി. റസല്‍ അധ്യക്ഷത വഹിക്കും. വിവിധ കലാകായിക മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കും.നാളെ രാവിലെ 10ന് സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്യും. 289 പ്രതിനിധികളും 38 ജില്ലാ കമ്മിറ്റിയംഗങ്ങളും 10 സംസ്ഥാന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. അഞ്ചിന് വൈകുന്നേരം ചുവപ്പുസേനാമാര്ച്ച്, പ്രകടനം പൊതുസമ്മേളനം എന്നിവയോടെ സമ്മേളനം സമാപിക്കും.
കോട്ടയം തോല്‍വിയും കേരള കോണ്‍-എമ്മും ചര്‍ച്ചയാകും
കോട്ടയം: സിപിഎം ജില്ലാ സമ്മേളനത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിയും സംഘടനാ ദൗര്‍ബല്യങ്ങളും കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ഭിന്നതയും ചര്‍ച്ചയാക്കും. തോമസ് ചാഴികാടന്റെ തോല്‍വി പ്രധാന വിഷയമാകും. നവകേരളസദസ് പാലായിലെത്തിയപ്പോള്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ ട്രാക്കിന്റെ പോരായ്മയും ചേര്‍പ്പുങ്കല്‍ പാലം പൂര്‍ത്തിയാക്കാത്തതും ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ശാസിച്ചത് ലോക്കല്‍ സമ്മേളനം മുതല്‍ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് തോല്‍വിക്ക് ആക്കം കൂട്ടിയെന്നാണ് വിലയിരുത്തല്‍.
പാലാ നഗരസഭയില്‍ സിപിഎം അംഗം ബിനു പുളിക്കക്കണ്ടവുമായുള്ള കേരള കോണ്‍ഗ്രസ് -എം ഭിന്നതയും ബിനുവിന് ചെയര്മാന് സ്ഥാനം നല്കാതെവന്നതും ചര്‍ച്ചയാകും. ത്രിതല പഞ്ചായത്തുകളിലും സഹകരണ ബാങ്കുകളിലും അധികാര കൈമാറ്റം, സീറ്റു വിഭജനം എന്നിവയില്‍ സിപിഐ, കേരള കോണ്‍ഗ്രസ്-എം ഭിന്നതയും ചര്‍ച്ചയാകും. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ ബിജെപിയുടെ കടന്നു കയറ്റവും പലരും ബിജെപിയില്‍ ചേര്‍ന്നതും ഡിവൈഎഫ്ഐയും മറ്റു വര്ഗസംഘടകളുടെയും പ്രവര്‍ത്തന പോരായ്മയും ചര്‍ച്ചയാകും.
രണ്ടാം പിണറായി സര്‍ക്കാരില്‍നിന്നു ജില്ലയ്ക്ക് കാര്യമായ വികസന പദ്ധതികള്‍ ലഭിച്ചില്ല. റബര്‍ താങ്ങുവില, നെല്ലു സംഭരണം, വില വൈകല്‍ എന്നിവയും വീഴ്ചകളാണ്. കിടങ്ങൂരിലെ സഹകരണ നെല്ല് ഫാക്ടറി, വെള്ളൂരിലെ റബര്‍ പാര്‍ക്ക്, കുമരകം ടൂറിസം പദ്ധതി എന്നിവ നടപ്പായില്ല. വെള്ളൂര്‍ ന്യൂസ് പ്രിന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വിമര്‍ശനമുണ്ട്.
പാര്‍ട്ടിയംഗങ്ങളുടെ കൊഴിഞ്ഞുപോക്കും നേതാക്കളുടെ ആഡംബര ജീവിതവും ബ്ലേഡ്, മണല്‍, പാറമട മാഫിയ ബന്ധങ്ങളും ചര്‍ച്ചയാകും.