ആട്ടവും പാട്ടും വെടിക്കെട്ടുമായി പുതുവത്സരത്തെ വരവേറ്റ് ജില്ല
1491576
Wednesday, January 1, 2025 5:32 AM IST
കോട്ടയം: പുത്തന്‍ പ്രതീക്ഷകള്‍ മനസില്‍ നിറച്ച് ആളും ആരവവും പാട്ടും നൃത്തവും വെടിക്കെട്ടുമായി പുതുവര്‍ഷത്തെ ജില്ല ഹര്‍ഷാരവത്തോടെ വരവേറ്റു. കുമരകം, കോട്ടയം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു വലിയ പുതുവത്സരാഘോഷങ്ങള്‍. ക്രൈസ്തവ ദേവാലയങ്ങളില്‍ രാത്രി 10ന് വര്‍ഷാവസാന പ്രാര്‍ഥനയും ആരാധനയും ഉണ്ടായിരുന്നു. വര്‍ഷാരംഭ പ്രാര്‍ഥനയോടും വിശുദ്ധ കുര്ബാനയോടെയുമാണ് പുതുവര്‍ഷം ആരംഭിച്ചത്.
കോട്ടയം വടവാതൂര്‍ ബണ്ടില്‍ വലിയ പാപ്പാഞ്ഞിയെ കത്തിച്ചാണ് പുതുവര്‍ഷത്തെ വരവേറ്റത്. കോട്ടയം കാര്‍ണിവല്‍ എന്ന പേരില്‍ പ്രാദേശികമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പാപ്പാഞ്ഞിയെ കത്തിക്കല്‍. കുമരകത്ത് ഹോട്ടലുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് നടന്ന ആഘോഷത്തില്‍ സ്വദേശികള്‍ക്കൊപ്പം വിദേശികളും പങ്കു ചേര്‍ന്നു. വാഗമണ്‍ മലനിരകളില്‍ കോടമഞ്ഞിന്റെ തണുപ്പിലായിരുന്നു ആഘോഷങ്ങള്‍. വൈകുന്നേരത്തോടെ തന്നെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ആഘോഷം തുടങ്ങി. പുലര്‍ച്ചെയാണ് മിക്കയിടത്തും ആഘോഷങ്ങള്‍ സമാപിച്ചത്.
ഡിജെ, ബാന്‍ഡ് മ്യൂസിക്, ഭക്ഷണം എന്നിവയാണ് ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നത്. മിക്കയിടത്തും ആകാശവിസ്മയവും ഉണ്ടായിരുന്നു.
വാഗമണ്‍ മൊട്ടക്കുന്നുകളില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ധാരാളം പേര് എത്തിയിരുന്നു. ഇലവീഴാപൂഞ്ചിറയിലും ഇല്ലിക്കല്‍ക്കല്ലിലും ആളുകളുടെ തിരക്കായിരുന്നു. കുമരകത്ത് വേമ്പനാട് കായല്‍ത്തീരത്തെ പ്രധാന ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും പുതുവത്സര ആഘോഷങ്ങള്‍ ഇന്നലെ വൈകുന്നേരം ആരംഭിച്ചു. ചൈനീസ് വെടിക്കെട്ടും നൃത്തസംഗീത നിശയും ഒരുക്കിയിരുന്നു.
പുതുവര്‍ഷാഘോഷം അതിരുവിടാതിരിക്കാന്‍ പോലീസ് പ്രത്യേക പരിശോധനയും നിരീക്ഷണവും നടത്തിയിരുന്നു. വഴികളിലും പൊതു ഇടങ്ങളിലും ആഘോഷം അനുവദിച്ചില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക സ്ക്വാഡ് ഉണ്ടായിരുന്നു.
മദ്യം മയക്കുമരുന്നു കടത്ത് ഒഴിവാക്കുന്നതിനായി എക്സൈസ് പരിശോധനയും ശക്തമായിരുന്നു. മാര്‍മല അരുവി, അരുവിക്കച്ചാല്‍, കട്ടിക്കയം, കിടങ്ങൂര്‍ കാവാലിക്കടവ്, നാലുമണിക്കാറ്റ് തുടങ്ങിയ കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്കുണ്ട്.