സെന്റ് അലോഷ്യസ് എച്ച്എസ്എസ് ജൂബിലി ആഘോഷങ്ങൾ സമാപിക്കുന്നു
1491651
Wednesday, January 1, 2025 6:57 AM IST
അതിരമ്പുഴ: സെന്റ് അലോഷ്യസ് എച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ സമാപിക്കുന്നു. ജനുവരി മൂന്ന്, ഏഴ്, 13, 14 തീയതികളിൽ ജൂബിലി സമാപന പരിപാടികൾ നടക്കും.
മൂന്നിന് അലോഷ്യൻ ഡിജിറ്റേറിയം ഉദ്ഘാടനവും വിദ്യാഭ്യാസ സിമ്പോസിയവും ഏഴിന് ജൂബിലി സ്മാരക കമാനത്തിന്റെ ഉദ്ഘാടനം, 13ന് ഹൈടെക് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും അലുമ്നി മീറ്റും 14ന് ജൂബിലി സമാപന സമ്മേളനം എന്നിവയാണ് പരിപാടികൾ.
മൂന്നിന് രാവിലെ 9.30ന് സ്കൂൾ മാനേജർ റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അലോഷ്യൻ ഡിജിറ്റേറിയത്തിന്റെ വെഞ്ചരിപ്പും കെ. ഫ്രാൻസിസ് എംപി ഉദ്ഘാടനവും നിർവഹിക്കും. തുടർന്നു നടക്കുന്ന വിദ്യാഭ്യാസ സിമ്പോസിയത്തിൽ മുൻ വിവരാവകാശ കമ്മീഷൻ ചെയർമാൻ ഡോ. കുര്യാസ് കുമ്പളക്കുഴി, മാധ്യമ പ്രവർത്തകൻ ജോണി ലൂക്കോസ് എന്നിവർ പ്രബന്ധമവതരിപ്പിക്കും. കോട്ടയം നഗരസഭാ കൗൺസിലർ സാബു മാത്യു മോഡറേറ്ററാകും.
ഏഴിന് ജൂബിലി സ്മാരക കവാടത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 13ന് ഹൈടെക് ഓഡിറ്റോറിയത്തിന്റെ ആശീർവാദം ഹയർ സെക്കൻഡറി സ്ഥാപക മാനേജർ ഫാ. ആന്റണി പോരൂക്കരയും ഉദ്ഘാടനം മന്ത്രി വി.എൻ. വാസവനും നിർവഹിക്കും. അലുംമ്നി മീറ്റിന്റെ ഉദ്ഘാടനം മുൻ മാനേജർ റവ.ഡോ. മാണി പുതിയിടം നിർവഹിക്കും.
14ന് നടക്കുന്ന ജൂബിലി സമാപന സമ്മേളനം ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവർ പങ്കെടുക്കും. സ്കൂൾ പ്രിൻസിപ്പൽ ബിനു ജോണിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകും.