അഞ്ചു വര്‍ഷമായി വെള്ളമെത്തിയില്ല; കംഫര്‍ട്ട് സ്റ്റേഷന് നോക്കുകുത്തി
1491587
Wednesday, January 1, 2025 5:43 AM IST
പാലാ: സിവില്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്കായി പാലാ നഗരസഭ തുറന്നുകൊടുത്ത കംഫര്‍ട്ട് സ്റ്റേഷന് അടിസ്ഥാന സൗകര്യങ്ങളില്ലാതെ നശിക്കുന്നു. സിവില്‍ സ്റ്റേഷന്റെ പിന്‍ഭാഗത്തു രജിസ്ട്രേഷന് ഓഫീസിനു സമീപമാണ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ആറുമുറികളോടു കൂടിയ കംഫര്‍ട്ട് സ്റ്റേഷന് 2019 നവംബറില്‍ നിര്‍മിച്ചു നല്‍കിയത്. അഞ്ചുലക്ഷത്തോളം രൂപയാണ് ചെലവ്.
എന്നാല്‍ നാളിതുവരെയായി ഇവയില്‍ ഒരു മുറിപോലും പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെട്ടിട്ടില്ല. ജലവകുപ്പും നഗരസഭയുമായി ഒത്തുതീര്‍പ്പിലെത്താതെ വന്നതോടെ ഒരു ദിവസം പോലും കംഫര്‍ട്ട് സ്റ്റേഷനില്‍ വെള്ളമെത്തിയിട്ടില്ല. റവന്യു അധികൃതര്‍ പരിഹാരം കാണാമെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും അതും നടപ്പായില്ല.
നാളുകളായി അടഞ്ഞുകിടന്ന കെട്ടിടം സാമൂഹ്യവിരുദ്ധര്‍ കൈയടക്കിയിരിക്കുകയാണ്. ഇവിടുത്തെ ക്ലോസറ്റുകളും പൈപ്പുകളും തല്ലിത്തകര്‍ത്തു. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ പരിസരം വൃത്തിയാക്കിയെങ്കിലും ശൗചാലയങ്ങള്‍ ഉപയോഗശൂന്യമാണ്.
സിവില്‍ സ്റ്റേഷനിലും രജിസ്ട്രേഷന് ഓഫീസിലും ജീവനക്കാര്‍ക്കായി കെട്ടിടത്തിനുള്ളില്‍ തന്നെ കംഫര്‍ട്ട് സൗകര്യമുണ്ട്. ഇതിനാല്‍ ഉദ്യോഗസ്ഥരും പൊതുശൗചാലയത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കാണിക്കുന്നില്ല. സിവില്‍ സ്റ്റേഷനിലും വിവിധ ഓഫീസുകളിലും എത്തുന്ന പൊതുജനങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ലാതെ വലയുകയാണ്.
പാലാ പൗരസമിതി പ്രവര്‍ത്തകരായ പി. പോത്തന്റെയും സെബി വെള്ളരിങ്ങാട്ടിന്റെയും നേതൃത്വത്തില്‍ നഗരസഭാ അധികൃതര്‍ക്കു നിരവധി പരാതികള്‍ നല്‍കിയിട്ടും പരിഹാരമായിട്ടില്ല. നഗരസഭാ ജീവനക്കാര്‍ ആഴ്ചകള്‍ക്കുമുമ്പ് ശുചിമുറികള്‍ താഴിട്ടു പൂട്ടിയിരുന്നു. കംഫര്‍ട്ട് സ്റ്റേഷന് കുറവുകള്‍ പരിഹരിച്ച് ഉടന്‍ തുറന്നുകൊടുക്കണമെന്നു പൗരസമിതി ആവശ്യപ്പെട്ടു.