നാലു പതിറ്റാണ്ടത്തെ കാര്‍ഷിക പാരമ്പര്യം; നൂറുമേനി വിളവെടുത്ത് സഹോദരന്മാർ
1491666
Wednesday, January 1, 2025 7:08 AM IST
ചങ്ങനാശേരി: കൃഷിയിടത്തില്‍ നാല് പതിറ്റാണ്ടുകാലത്തെ പാരമ്പര്യവുമായി സഹോദരങ്ങള്‍. തൃക്കൊടിത്താനം കുന്നുംപുറത്ത് വാഴേപ്പറമ്പില്‍ ഓമനക്കുട്ടന്, മുരളി എന്നീ സഹോദരങ്ങളാണ് ചെറുപ്പം മുതല്‍ പാടത്ത് കൃഷിയിറക്ക് ഉപജീവനം കഴിയുന്നത്.
വിവിധ ഇനങ്ങളിലുള്ള ചീര, വെണ്ട, കപ്പ, വിവിധയിനം വാഴകള്‍ എന്നിവയുടെ കൃഷിക്കൊപ്പം പോത്ത്, ആട് വളര്‍ത്തലുമുണ്ട്. തൃക്കൊടിത്താനം കൊക്കോട്ടുചിറയില് കുന്നുംപുറത്ത് വീട്ടില്‍ ദാമോദരന്റെയും അമ്മിണിയുടെയും മക്കളാണിവര്‍.
ഒരേക്കറിന് മുകളില്‍ സ്ഥലത്ത് ഇഞ്ചി, ചേമ്പ്, വഴുതന, മധുരക്കിഴങ്ങ്, കാച്ചില്, ചേന തുടങ്ങി പലതരം കൃഷിയും ചെയ്തുവരുന്നു. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന ഇരുവരും പഠനം ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. തങ്ങൾക്ക് സ്വന്തമായുള്ള കൃഷിയിടങ്ങള്‍ക്കുപുറമേ പാട്ടത്തിനെടുത്ത പാടത്താണ് ഇവര്‍ കൃഷിയിറക്കി നൂറുമേനി വിളവെടുക്കുന്നത്.
പുലര്‍ച്ചെ കൃഷിയിടങ്ങളിലേക്കിറങ്ങുന്ന ഇരുവരും വൈകുന്നേരമാണ് തിരികെക്കയറുന്നത്. നിലവില്‍ കിളിര്‍ത്ത ചുവപ്പ്, പച്ച ചീരയും വെണ്ടയും പാടശേഖരത്തെ ഹരിതാഭമാക്കുന്നു. വിഷം ചേര്‍ക്കാതെയാണ് ഇവരുടെ കൃഷി രീതി. ചാണകം, കോഴിക്കാഷ്ഠം, ചാരം സ്വയം നിര്‍മിക്കുന്ന കമ്പോസ്റ്റ് തുടങ്ങി ജൈവരീതികളാണ് ഇവര്‍ കൃഷിയടത്ത് അവലംബിക്കുന്നത്.