അനന്തപുരി സംസ്ഥാന കലോത്സവം: കോട്ടയം ടീമില്‍ 782 വിദ്യാര്‍ഥികള്‍
1491724
Wednesday, January 1, 2025 11:23 PM IST
ജിബിന്‍ കുര്യന്
കോട്ടയം: തലസ്ഥാന നഗരിയില്‍ സംസ്ഥാന സ്കൂള്‍ കലാമേളയില്‍ മാറ്റുരയ്ക്കാന്‍ കോട്ടയത്തുനിന്ന് 782 വിദ്യാര്‍ഥികള്‍. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംഘം കൂടെ.
പതിനാല് ജില്ലകളിലെ ഒന്നാം സ്ഥാനക്കാരും അപ്പീലുകാരും ഇഞ്ചോടിഞ്ചു പൊരുതുന്ന മത്സരത്തില്‍ കലയുടെ വര്‍ണവസന്തം പൊഴിക്കാന്‍ കലാപ്രതിഭകളും തിലകങ്ങളും അവസാന വട്ടം തയാറെടുപ്പിലാണ്. ടീം ഇനങ്ങള്‍ രാപകല്‍ പരിശീലിക്കാന്‍ പലരും സ്കൂളുകളില്‍ തന്നെയാണ് തങ്ങുന്നത്. കോട്ടയത്തിന്റെ താരങ്ങള്‍ നാളെ മുതല്‍ തലസ്ഥാനത്തേക്ക് വണ്ടി കയറും. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായുള്ള മത്സരത്തിന് ഓരോ വര്‍ഷവും വാശിയേറുകയാണ്. തലയോലപ്പറമ്പില്‍ നടന്ന ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയവര്‍ക്കൊപ്പം അപ്പീലിലൂടെ അവസരം നേടിയ ഏഴു ടീമുകളും സംസ്ഥാനത്ത് മത്സരിക്കും.
അപ്പീല്‍ അനുവദിക്കാത്ത ഏതാനും ടീമുകള്‍ അവസാനമണിക്കൂറിലും കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി അനുമതി നല്കിയാല് ഇവരും മത്സരിക്കാനെത്തും. ജില്ലാകലോത്സവത്തില്‍ 68 അപ്പീലുകളാണ് എത്തിയത്. ഇതില്‍ ഏഴെണ്ണത്തിനു മാത്രമാണ് അപ്പീല്‍ അനുവദിച്ചത്. ബാക്കി അപ്പീലുകള്‍ തള്ളുകയായിരുന്നു. നാളെ രാവിലെ മുതല്‍ തിരുവനന്തപുരം എസ്എംവി മോഡല്‍ സ്കൂളിലാണ് രജിസ്ട്രേഷന് നടപടികള്‍.
മുന്‍ വര്‍ഷങ്ങളില്‍ പോയിന്റ് നിലയില്‍ പത്താം സ്ഥാനത്തായിരുന്നു ജില്ല. ഇത്തവണ പോയിന്റ് നില കുറെക്കൂടി മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ബാന്റുമേളം, മാര്‍ഗംകളി, ചവിട്ടുനാടകം, സംഘനൃത്തം തുടങ്ങിയ ഇനങ്ങളില്‍ ജില്ലാ ടീം മികച്ച പ്രതീക്ഷയിലാണ്. മൂന്നു പതിറ്റാണ്ടായി ഹൈസ്കൂള്‍ വിഭാഗം ബാന്റുമേളത്തില് സംസ്ഥാന ചാമ്പ്യന്മാരാണ് കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂള്‍. ബാന്‍ഡ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 25 വര്‍ഷമായും ഇവര്‍ തന്നെയാണ് ജേതാക്കള്‍. ഒന്നാം സ്ഥാനം മാറി ഗ്രേഡിംഗ് സമ്പ്രദായം വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ പോയിന്റുമായി എ ഗ്രേഡും ടീം മൗണ്ട് കാര്മലിനാണ്. ബാന്റുമേളത്തിനു പുറമേ ഗ്രൂപ്പ് ഇനങ്ങളിലും മൗണ്ട് കാര്‍മല്‍ സ്കൂള്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
സംഘനൃത്തം, മാര്‍ഗംകളി, ഒപ്പന, നാടകം, ദേശഭക്തിഗാനം എന്നീ ഗ്രൂപ്പ് ഇനങ്ങളിലാണ് കോട്ടയം സെന്റ് ആന്‍സ് മാറ്റുരയ്ക്കുന്നത്. ഇന്നലെയും ഗ്രൂപ്പിനങ്ങളില്‍ സ്കൂളില്‍ അവസാനവട്ടം പരിശീലനത്തിലാണ് വിദ്യാര്‍ഥികള്‍. പാലാ സെന്റ് മേരീസ്, ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ്, കാഞ്ഞിരപ്പള്ളി എകെജെഎം, ളാക്കാട്ടൂര്‍ എംജിഎം, ക്രോസ് റോഡ് പാമ്പാടി, കുമാരനല്ലൂര്‍ ദേവീവിലാസം, കോട്ടയം എംഡി സ്കൂള്‍ തുടങ്ങിയ സ്കൂളുകളില്‍ നിന്നും ടീമുകളുണ്ട്. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എ.ആര്. സുനിമോള്‍, ടീം ജില്ലാ മാനേജര്‍ മനോജ് വി.പോള്‍ എന്നിവരാണ് കോട്ടയം സംഘത്തിന് നേതൃത്വം നല്‍കുന്നത്.