വിശുദ്ധ ചാവറയച്ചൻ സഭയുടെയും സമൂഹത്തിന്റെയും നവീകരണം ലക്ഷ്യമിട്ടു: മാർ മഠത്തിക്കണ്ടത്തിൽ
1491930
Thursday, January 2, 2025 7:24 AM IST
മാന്നാനം: സഭയുടെയും സമൂഹത്തിന്റെ നവീകരണം ലക്ഷ്യം വച്ചായിരുന്നു വിശുദ്ധ ചാവറയച്ചന്റെ പ്രവർത്തനങ്ങളെന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന്റെ ഏഴാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഉയർച്ചതാഴ്ചകൾ നിർണയിക്കുന്നതും ധാർമിക മൂല്യങ്ങളിൽ അറിവു നേടുന്നതും വിദ്യാഭ്യാസത്തിലൂടെയാണെന്ന തിരിച്ചറിവിൽ ചാവറയച്ചൻ സമൂഹത്തിന്റെ നവീകരണത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും അവയുടെ ഗുണം സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്കും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ഭക്ഷണമില്ലാത്തതിനാൽ പഠിപ്പ് മുടങ്ങാതിരിക്കാൻ പിടിയരി പിരിച്ച് ഭക്ഷണം നല്കിയും വസ്ത്രമില്ലാത്തവർക്ക് വസ്ത്രങ്ങൾ നല്കിയും വിശുദ്ധ ചാവറയച്ചൻ ഏവരെയും വിദ്യാലോകത്തേക്ക് കൈപിടിച്ചുയർത്തി: മാർ ജയിംസ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു.
വൈകുന്നേരം ഫാ. അനീഷ് പുളിക്കൽ ഒഎഫ്എം കപ്പുച്ചിൻ വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന എന്നീ തിരുക്കർമ്മങ്ങളിൽ കാർമികത്വം വഹിച്ചു.
മാന്നാനം ആശ്രമദേവാലയത്തിൽ ഇന്ന്
രാവിലെ ആറിന് വിശുദ്ധ കുർബാന, പ്രസംഗം,
മധ്യസ്ഥ പ്രാർഥന: ഫാ ജോർജ് കുളങ്ങര സിഎംഐ
7.30ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന:
ഫാ. കുര്യാക്കോസ് കളരിക്കൽ സിഎംഐ
10.45ന് തീർഥാടകർക്ക് സ്വീകരണം
11ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന:
മാർ റാഫേൽ തട്ടിൽ
(സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്)
സഹകാർമികർ: ഫാ. റോയി കണ്ണൻചിറ സിഎംഐ,
ഫാ. സജി പാറക്കടവിൽ സിഎംഐ
ഓൺലൈൻ ചാവറ പ്രസംഗമത്സര ജേതാക്കൾക്ക്
അനുമോദനവും സമ്മാനദാനവും.
വൈകുന്നേരം 4.30ന് ജപമാല അഞ്ചിന് ആഘോഷമായ
വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന:
ഫാ. ജോസി താമരശേരി (സിഎംഐ സഭാ വികാരി ജനറാൾ)
6.30ന് ജപമാല പ്രദക്ഷിണം
7.30ന് ഗാനമേള (ബ്ലൂ ഡയമണ്ട്സ്, ആലപ്പുഴ).