വർണവിസ്മയം തീർത്ത് കെഇ സ്കൂൾ കാമ്പസ്
1491243
Tuesday, December 31, 2024 4:44 AM IST
മാന്നാനം: ക്രിസ്മസ്-നവവത്സരാഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ വർണവിസ്മയം തീർത്ത് മാന്നാനം കെഇ സ്കൂൾ കാമ്പസ്. വർണ ദീപങ്ങളൊരുക്കിയ പശ്ചാത്തലത്തിൽ അദ്ഭുത കാഴ്ചകളാണ് പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരിയുടെ നേതൃത്വത്തിൽ സ്കൂൾ കാമ്പസിൽ ഒരുക്കിയിരിക്കുന്നത്. വിസ്മയ കാഴ്ചകൾ കാണാൻ ഒരാഴ്ചയായി തുടരുന്ന ജനത്തിരക്ക് ജനുവരി മൂന്നുവരെ ഉണ്ടാകും.
കടലും യോനാ പ്രവാചകനെ വിഴുങ്ങിയ കൂറ്റൻ തിമിംഗലവും, നോഹയുടെ പേടകം, ഏഴു കുതിരകൾ തെളിക്കുന്ന രഥം, കാവൽ മാലാഖമാരുടെ നിര, സാന്താക്ലോസ്, ആൾ പൊക്കത്തിലുള്ള രൂപങ്ങളുള്ള കൂറ്റൻ പുൽക്കൂട്, ക്രിസ്മസ് നക്ഷത്രങ്ങൾ, വർണ വിസ്മയം തീർക്കുന്ന ദീപാലങ്കാരങ്ങൾ എന്നിവയെല്ലാം കാഴ്ചക്കാരെ അഭൗമികമായ ആനന്ദാനുഭവത്തിലേക്ക് നയിക്കും.
14,000 ചതുരശ്രയടി വിസ്തൃതിയിലുള്ള കടലും അതിനോടു ചേർന്ന് 6000 ചതുരാശയടിയിലുള്ള പുൽക്കൂടും അത്ഭുതക്കാഴ്ചകളാണ്. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി സിഎംഐ നൽകിയ ആശയത്തിനനുസൃതം മാന്നാനം സ്വദേശി പ്രബീഷിന്റെ നേതൃത്വത്തിൽ മലപ്പുറം സ്വദേശിയായ സുരേഷും സംഘവുമാണ് രണ്ടു മാസത്തെ ശ്രമത്തിൽ ഈ വിസ്മയലോകം രൂപപ്പെടുത്തിയത്.