എരുമേലി ചന്ദനക്കുടം കൊടിയേറി
1491585
Wednesday, January 1, 2025 5:43 AM IST
എരുമേലി: എരുമേലിയിൽ ചന്ദനക്കുടാഘോഷത്തിന് കൊടി ഉയർന്നു. ഇനി പത്തുനാളുകൾ പിന്നിടുമ്പോൾ നാടിന്റെ ഉത്സവമായ ചന്ദനക്കുട ആഘോഷം അരങ്ങേറും. അന്നു രാത്രി പുലരുന്നത് ചരിത്രം നിറയുന്ന പേട്ടതുള്ളലിനാണ്.
10നാണ് ചന്ദനക്കുട ആഘോഷം. അന്ന് വൈകുന്നേരം വർണശബളമായ ഘോഷയാത്ര നാട് ചുറ്റും. മന്ത്രിമാരും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും വ്യാപാരി സംഘടനകളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകിയതിനൊടുവിൽ ക്ഷേത്രത്തിൽ ജമാഅത്ത് ഭാരവാഹികളെ സ്വീകരിച്ച് ഘോഷയാത്രയെ വരവേൽക്കും.
പുലർച്ചെയോടെ ചന്ദനക്കുട റാലി മസ്ജിദിൽ മടങ്ങിവന്ന ശേഷം രാവിലെയാണ് ഐതിഹ്യ പ്രസിദ്ധമായ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ. സംഘത്തെ മസ്ജിദിൽ സ്വീകരിക്കും. തുടർന്ന് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ കഴിയുന്നതോടെ മകരവിളക്ക് ഉത്സവകാലത്തെ എരുമേലിയിലെ ആഘോഷങ്ങൾ പൂർണമാകും.
മസ്ജിദിൽ നടന്ന കൊടിയേറ്റിന് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി കൊടിയേറ്റ് നിർവഹിച്ചു. ജമാഅത്ത് സെക്രട്ടറി മിഥുലാജ് പുത്തൻവീട് അധ്യക്ഷത വഹിച്ചു.