പുതുവത്സരത്തലേന്ന് നിയന്ത്രണം: പോലീസിന്റെ നടപടിയില്‍ പ്രതിഷേധം
1491943
Thursday, January 2, 2025 7:33 AM IST
ചങ്ങനാശേരി: പുതുവത്സരത്തലേന്ന് നഗരത്തില്‍ പോലീസ് നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ വ്യാപാരികള്‍ക്കു പ്രതിഷേധം. മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും രാത്രി പത്തോടെ പോലീസ് എത്തി അടപ്പിച്ചു. ഹോട്ടലുകളും റെസ്റ്ററന്റുകളും തട്ടുകടകളും അടപ്പിച്ചതോടെ കുടുംബസമേതം ന്യൂ ഇയര്‍ ആഘോഷിക്കാന്‍ എത്തിയവരും ദീര്‍ഘദൂര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയവരും ഭക്ഷണം കിട്ടാതെ കുടുങ്ങി.
സമീപപ്രദേശങ്ങളായ കോട്ടയത്തും ആലപ്പുഴയിലും തിരുവല്ലയിലും വിപുലമായ ന്യൂ ഇയര്‍ പരിപാടികള്‍ നടക്കുമ്പോഴാണ് ചങ്ങനാശേരിയില്‍ മാത്രം ഇത്തരത്തിൽ നിയന്ത്രണങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്.
നഗരത്തില്‍ ആളൊഴിഞ്ഞതോടെ ന്യൂ ഇയര്‍ കച്ചവടം പ്രതീക്ഷിച്ചിരുന്ന വ്യാപാരികള്‍ക്ക് അപ്രതീക്ഷിത പോലീസ് നടപടി ഇരുട്ടടിയായെന്ന ആക്ഷേപമുണ്ട്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില്‍ പോലീസ് എത്തി ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.