ശബരി എയര്‍പോര്‍ട്ട്: അന്തിമവിജ്ഞാപനം മാര്‍ച്ചില്‍
1491727
Wednesday, January 1, 2025 11:23 PM IST
കോട്ടയം: ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ വിജ്ഞാപനം മാര്‍ച്ചില്‍ പുറപ്പെടുവിക്കും.
എയര്‍പോര്‍ട്ട് എരുമേലിയില്‍ അഭികാമ്യമാണെന്ന സാമൂഹികാഘാത പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണത്തിന്റെ ഒന്നാംഘട്ടത്തിലേക്ക് വൈകാതെ കടക്കും. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 1039.876 ഹെക്ടറാണ് (2570 ഏക്കര്‍) ഏറ്റെടുക്കേണ്ടി വരുന്നത്. ഇതില്‍ 2,263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റും 307 ഏക്കര്‍ വിവിധ വ്യക്തികളുടേതുമാണ്. ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു പാലാ കോടതിയില്‍ കേസ് നിലവിലുള്ള സാഹചര്യത്തില്‍ റവന്യുവകുപ്പ് നിശ്ചയിക്കുന്ന മൂല്യവില കോടതിയില്‍ കെട്ടിവച്ചശേഷമായിരിക്കും ഏറ്റെടുക്കുക.
അക്വിസിഷന്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിച്ചു പദ്ധതി ബാധിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 2013-ലെ കേന്ദ്രനിയമപ്രകാരം പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കും. തൊഴില്‍ നഷ്ടപ്പെടുന്ന എസ്റ്റേറ്റ് തൊഴിലാളികളുടെ കുടുംബങ്ങളുടെ പുനരധിവാസവും നഷ്ടപരിഹാരവും പ്രത്യേക പാക്കേജില്‍ പെടുത്തും.
തൃക്കാക്കാര ഭാരതമാതാ കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം തയാറാക്കി കഴിഞ്ഞ ദിവസം കോട്ടയം കളക്ടര്‍ക്കു സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പഠിച്ചശേഷം ശിപാര്‍ശ സമര്‍പ്പിക്കുന്നതിന് അടുത്തമാസം വിദഗ്ധ കമ്മിറ്റിയെ സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഈ കമ്മിറ്റി സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് പഠിച്ചശേഷം പദ്ധതി ബാധിതരുമായി കൂടിക്കാഴ്ച നടത്തി രണ്ടു മാസത്തിനുള്ളില്‍ സര്‍ക്കാരിനു ശിപാര്‍ശ കൈമാറും.
സ്ഥലം ഏറ്റെടുക്കുമ്പോള്‍ 352 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കണം. എസ്റ്റേറ്റ് ലയങ്ങളിലെ 238 കുടുംബങ്ങളും പുറത്തുള്ള 114 കുടുംബങ്ങളും ഇതില്‍പ്പെടും. 238 എസ്റ്റേറ്റ് തൊഴിലാളികളെ പദ്ധതി ബാധിക്കും. ഉപജീവനം ഇല്ലാതാകുന്ന 347 കുടുംബങ്ങള്‍ക്ക് ജീവിക്കാനുള്ള ബദല്‍ സാധ്യത കണ്ടെത്തും.