വാഗ്ദാനങ്ങൾ പൂർത്തീകരിച്ചാൽ പുതുവർഷത്തിൽ കാഞ്ഞിരപ്പള്ളിക്കും വികസനക്കുതിപ്പ്
1491583
Wednesday, January 1, 2025 5:33 AM IST
ജോജി പേഴത്തുവയലിൽ
കാഞ്ഞിരപ്പള്ളി: അധികൃതരുടെ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചാൽ പുതുവർഷത്തിൽ കാഞ്ഞിരപ്പള്ളിയെ കാത്തിരിക്കുന്നതു വൻ വികസനക്കുതിപ്പ്. കാഞ്ഞിരപ്പള്ളി ബൈപാസ്, സ്പോർട്സ് സ്കൂൾ, ഫയർഫോഴ്സ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, സഹൃദയ വായനശാല, വഴിയോര വിശ്രമകേന്ദ്രം, കാഞ്ഞിരപ്പള്ളി-മണിമല റോഡ് നിർമാണം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡയാലിസ് യൂണിറ്റ്, ചെറുവള്ളി പാലം നിർമാണം പൂർത്തീകരിക്കൽ, പഴയിടത്ത് പുതിയ പാലം തുടങ്ങി നിരവധി പദ്ധതികളാണ് ജനങ്ങൾ പ്രതീക്ഷയോടെ നോക്കിക്കാണുന്നത്.
ബൈപാസ്@2025
കാഞ്ഞിരപ്പള്ളിയുടെ സ്വപ്ന പദ്ധതിയായ കാഞ്ഞിരപ്പള്ളി ബൈപാസ് 2025ൽ ഡിസംബറില്‍ പൂർത്തിയാക്കി ജനങ്ങൾക്കായി തുറന്നു നൽകുമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു.
2024 ഫെബ്രുവരിയില്‍ ആരംഭിച്ച ബൈപാസിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ നടന്നുവരികയാണ്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനാണു പദ്ധതിയുടെ നിർമാണച്ചുമതല.
നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താനും പദ്ധതി വേഗത്തിൽ പൂർത്തീകരിക്കാനുമായി എല്ലാ മാസവും റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഉദ്യോഗസ്ഥരും കിഫ്ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തുന്നുണ്ട്. ഗുജറാത്ത് കേന്ദ്രമായുള്ള ബാക്ക്ബോൺ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിർമാണജോലികൾ ഏറ്റെടുത്തു നടത്തുന്നത്. പദ്ധതിക്കായി 26.16 കോടി രൂപ കിഫ്ബി മുഖേനയാണ് അനുവദിച്ചിരിക്കുന്നത്.
ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്പിലെ വളവില്‍ നിന്നാരംഭിച്ചു മണിമല റോഡിനും ചിറ്റാര്‍പുഴയ്ക്കും മീതെ മേല്‍പ്പാലം നിര്‍മിച്ച് പൂതക്കുഴിയില്‍ ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയപാതയില്‍ പ്രവേശിക്കുന്ന ബൈപാസിന്റെ ദൂരം 1.80 കിലോമീറ്ററാണ്.
സ്പോർട്സ് സ്കൂൾ
കുന്നുംഭാഗം ഗവൺമെന്റ് സ്കൂളിലെ സ്പോർട്സ് സ്കൂളിന്റെ നിർമാണം ഈ വർഷം ആരംഭിക്കുമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. കായികരംഗത്ത് ഒട്ടേറെ താരങ്ങളെ സംഭാവനചെയ്തതാണ് കാഞ്ഞിരപ്പള്ളി. അതുകൊണ്ടുതന്നെ ആ പ്രതാപകാലത്തെ വീണ്ടെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് കായികപ്രേമികൾ.
കിഫ്ബി മുഖേന 28 കോടി ചെലവിൽ കുന്നുംഭാഗം സ്കളിന്റെ ഏഴ് ഏക്കറോളം സ്ഥലത്താണ് സ്പോര്‍ട്സ് സ്കൂള്‍ നിര്‍മിക്കുന്നത്. അഞ്ചു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി 14 ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് മുറികള്‍, ലാബുകള്‍, മള്‍ട്ടിമീഡിയ റൂം, ലൈബ്രറി, സ്വിമ്മിംഗ് പൂള്,
ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോള്‍ കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സിന്തറ്റിക് ടര്‍ഫ്, സ്പോര്‍ട്സ് സ്കൂളിലെ കുട്ടികള്‍ക്കും പരിശീലകര്‍ക്കും ഹോസ്റ്റലുകള്‍, മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംബാറ്റ് സ്പോര്‍ട്സ് ബില്‍ഡിംഗ്, ഭിന്നശേഷി സൗഹൃദ സ്പോര്‍ട്സ് സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ് സ്പോര്‍ട്സ് സ്കൂള്‍.
ഫയർഫോഴ്സ് സ്റ്റേഷൻ
2025ൽ പുതിയ ഫയർസ്റ്റേഷനുള്ള നിർമാണം ആരംഭിക്കും. കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ മണ്ണാറക്കയം അമ്പലം ഭാഗത്ത് മണിമല റോഡരികില്‍ ചിറക്കടവ് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 17ല്‍ റീസര്‍വേ 257ല്‍പ്പെട്ട പൊതുമരാമത്തിന്റെ 19.46 സെന്റ് സ്ഥലമാണ് ഫയര്‍സ്റ്റേഷനായി കണ്ടെത്തിയിരിക്കുന്നത്.
ഇവിടെ ഫയര്സ്റ്റേഷന്റ നിര്‍മാണം ഈ വർഷം ആരംഭിക്കുമെന്നു ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പറഞ്ഞു. 2.15 കോടി രൂപയാണ് നിർമാണപ്രവർത്തനങ്ങൾക്കായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ 35 വർഷമായി ചുരുങ്ങിയ സ്ഥലപരിമിതികൾക്കുള്ളിൽ പ്രവർത്തിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ഫയർസ്റ്റേഷൻ.
പഞ്ചായത്ത് ഓഫീസ്
കാഞ്ഞിരപ്പള്ളി പുതിയ പഞ്ചായത്ത് ഓഫീസ് കോംപ്ലക്സിന്റെ നിർമാണം ഈ വർഷം പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 3.50 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പഞ്ചായത്ത് ഓഫീസ്, എംഎൽഎ ഓഫീസ്, അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയം, കുടുംബശ്രീ ഓഫീസ്, എൻആർഇജി ഓഫീസ്, വിഇഒ ഓഫീസ്,
വിവിധ സേവന കേന്ദ്രങ്ങൾ ഫ്രണ്ട് ഓഫീസ് സംവിധാനം, ഹെൽപ്പ് ഡെസ്ക്, കഫേ ഷോപ്പ്, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം, വിശ്രമകേന്ദ്രം ഉൾപ്പെടെയുള്ള സംവിധാനങ്ങളോടുകൂടി ഭാവിയില്‍ മുനിസിപ്പാലിറ്റിക്കു കൂടി ഉപകരിക്കുന്ന വിധം മൂന്നു നിലകളിലായി 16000 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസ് കെട്ടിടമാണ് നിർമിക്കുന്നത്. ഇതിനുശേഷം പഞ്ചായത്ത് ഓഫീസിന് മുൻവശത്തായി 26 കടമുറികളോട് കൂടിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം പഞ്ചായത്തിന്റെ വികസന ഫണ്ട് വിനിയോഗിച്ച് നിർമിക്കും.
വഴിയോര വിശ്രമകേന്ദ്രം
സഹൃദയ വായനശാലയ്ക്ക് പുതിയ മൂന്നുനില കെട്ടിടത്തിന്റെ നിര്‍മാണം നടന്നുവരികയാണ്. കുരിശുങ്കലില്‍ ദേശീയപാതയോരത്ത് 2.57 കോടി രൂപ മുടക്കിയാണ് വായനശാലയ്ക്ക് കെട്ടിടം നിര്‍മിക്കുന്നത്. ഈ മാസം ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ദേശീയപാതയോരത്ത് കുരിശുങ്കല്‍ കവലയില്‍ 31 ലക്ഷം രൂപ ചെലഴിച്ചാണ് വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണം നടന്നുവരുന്നത്.
നിലവില്‍ പ്രഥമികാവശ്യങ്ങള് നിറവേറ്റുന്നതിനു സൗകര്യമില്ലാത്ത കാഞ്ഞിരപ്പള്ളിയില്‍ വഴിയോര വിശ്രമകേന്ദ്രം പൂര്‍ത്തിയാകുന്നത് ആശ്വാസകരമാണ്.
വിവിധ പദ്ധതികൾ
കാളകെട്ടി പിഎച്ച്സിയുടെ 1.68 കോടി ചെലവഴിച്ചുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. തമ്പലക്കാട് 55 ലക്ഷം രൂപ ചെലവഴിച്ചുള്ള സബ് സെന്റര്‍ നിര്‍മാണം, വില്ലണിയിലെ സാംസ്കാരിക നിലയം തുടങ്ങിയവ 2025ല്‍ പൂര്‍ത്തിയാക്കി തുറന്നു നല്‍കാനാകുമെന്നാണ് പ്രതീക്ഷ.
ഇതോടൊപ്പം കാഞ്ഞിരപ്പള്ളി-മണിമല റോഡ് നിർമാണം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡയാലിസ് യൂണിറ്റ്, ചെറുവള്ളി പാലം നിർമാണം പൂർത്തീകരിക്കൽ, പഴയിടത്ത് പുതിയ പാലം, വിവിധയിടങ്ങളിൽ സ്റ്റേഡിയം നിർമാണം തുടങ്ങിയ പദ്ധതികളും ഈ വർഷത്തിൽ പൂർത്തീകരിക്കുമെന്ന ജനപ്രതിനിധികളുടെ ഉറപ്പിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ.