നാടെങ്ങും വലിച്ചെറിയല്‍ വിരുദ്ധ കാമ്പയിൻ : കോടിമത-മൂപ്പായിക്കാട് റോഡില്‍ മാലിന്യം തള്ളല്‍
1491929
Thursday, January 2, 2025 7:24 AM IST
കോട്ടയം: ഒരു ഭാഗത്ത് മണ്ണിട്ടുയർത്തി റോഡ് പുനര്‍നിര്‍മാണം. മറുഭാഗത്ത് മണ്ണിട്ടുയര്‍ത്തിയ മാലിന്യം തള്ളല്‍. ‘നാട് സുന്ദരമാക്കാന്‍ കൂടെ നില്ക്കാം, മാലിന്യം വലിച്ചെറിയാതിരിക്കാം’എന്ന സന്ദേശവുമായി സര്‍ക്കാരും പഞ്ചായത്തുകളും നഗരസഭയും വലിച്ചെറിയല്‍ വിരുദ്ധ കാമ്പയിന് നടക്കുന്നതിനിടയിലാണ് കോട്ടയത്ത് മാലിന്യം തള്ളൽ വ്യാപകമായത്.
കോടിമത -മൂപ്പായിക്കാട് റോഡിലാണ് മാലിന്യം തള്ളല്‍ ഏറ്റവും രൂക്ഷമായിരിക്കുന്നത്. റോഡ് നിര്‍മാണം പുരോഗമിക്കുന്നതിനിടയിലാണ് ചാക്കുകണക്കിനു മാലിന്യം റോഡരികില്‍ തള്ളിയത്.
വെള്ളം കയറി ശോച്യാവസ്ഥയിലായിരുന്നു റോഡ്. ഇതിനു പരിഹാരമായിട്ടാണ് റോഡ് മണ്ണിട്ടുയര്‍ത്താന്‍ തുടങ്ങിയത്. ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍നിന്നു നീക്കം ചെയ്യുന്ന മണ്ണാണ് ഇവിടെ നിക്ഷേപിക്കുന്നത്. എംസി റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ ഇതുവഴി നിരവധി വാഹനങ്ങള്‍ എത്തുന്നുണ്ട്. എന്നാൽ മാലിന്യത്തിന്റെ രൂക്ഷ ഗന്ധം മൂലം ഇതുവഴി നടക്കാന്‍പോലും പറ്റാത്ത അവസ്ഥയാണ്.
സിസിടിവി കാമറകള്‍ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നഗരസഭ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നേരത്തെ രാത്രികാലത്ത് വിവിധ പ്രദേശങ്ങളില്‍നിന്നു കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഇവിടെ തള്ളിയിരുന്നു. നാട്ടുകാര്‍ ഒത്തുകൂടി മാലിന്യം തള്ളിയവരെ പിടികൂടിയതോടെ മാലിന്യനിക്ഷേപം കുറഞ്ഞിരുന്നു.