മാന്നാനംകുന്ന് ഭക്തിസാന്ദ്രം; ചാവറ തിരുനാൾ പ്രധാന ദിനങ്ങളിലേക്ക്
1491648
Wednesday, January 1, 2025 6:57 AM IST
മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ പ്രധാന ദിനങ്ങളിലേക്ക്. മാന്നാനം ആശ്രമ ദേവാലയത്തിലേക്ക് ഭക്തജനത്തിരക്ക്. തിരുക്കർമങ്ങളിൽ പങ്കെടുക്കാനും വിശുദ്ധന്റെ കബറിടം സന്ദർശിച്ചു പ്രാർഥിക്കുന്നതിനുമായി രാവിലെ മുതൽ വൈകുന്നേരം വരെ ഭക്തജനങ്ങൾ ഒഴുകിയെത്തുന്നു. നാളെയും മറ്റെന്നാളുമാണ് പ്രധാന തിരുനാൾ ആഘോഷങ്ങൾ.
ഭക്തജനങ്ങളെ വരവേൽക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ആശ്രമ ദേവാലയവും പരിസരങ്ങളും അഞ്ഞൂറിലേറെ നക്ഷത്രങ്ങളാലും വർണദീപങ്ങളാലും ദീപ്തമായി. പ്രദക്ഷിണ വീഥികൾ കമനീയമായി അലങ്കരിച്ചു.
പ്രദക്ഷിണങ്ങൾ നാളെയും മറ്റന്നാളും
നാളെ ജപമാല പ്രദക്ഷിണവും മറ്റന്നാൾ തിരുനാൾ പ്രദക്ഷിണവും നടക്കും. നാളെ വൈകുന്നേരം 6.30ന് ആശ്രമ ദേവാലയത്തിൽനിന്ന് ആരംഭിക്കുന്ന ജപമാല പ്രദക്ഷിണം ഫാത്തിമമാതാ കപ്പേള വഴി കെഇ സ്കൂൾ ഗ്രോട്ടോയിൽ സമാപിക്കും. മറ്റെന്നാൾ വൈകുന്നേരം 6.30ന് ആശ്രമദേവാലയത്തിൽ നിന്ന് ആരംഭിക്കുന്ന തിരുനാൾ പ്രദക്ഷിണം കെഇ കോളജ്, മറ്റപ്പള്ളി കവല വഴി ഫാത്തിമമാതാ കപ്പേളയിലെത്തി പ്രാർഥനയ്ക്കു ശേഷം ആശ്രമ ദേവാലയത്തിൽ തിരികെയെത്തി സമാപിക്കും.
വിശുദ്ധ ചാവറയച്ചൻ ദൈവത്തിനും ദൈവജനത്തിനും വേണ്ടി ജീവിച്ച മഹാത്മാവ്: മാർ ജോസ് പുത്തൻവീട്ടിൽ
ദൈവത്തിനും ദൈവജനത്തിനും വേണ്ടി ജീവിച്ച മഹാത്മാവാണ് വിശുദ്ധ ചാവറയച്ചനെന്ന് ഫരീദാബാദ് രൂപതാ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ.
വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
വൈകുന്നേരം ഫാ. റോജിൻ തുണ്ടിപ്പറമ്പിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് വർഷാവസാന പ്രാർഥനയും നടത്തി.
മാന്നാനം ആശ്രമദേവാലയത്തിൽ ഇന്ന്
(പുതുവർഷാരംഭം)
രാവിലെ ആറിന് വർഷാരംഭ പ്രാർഥന, വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: ഫാ. ജേക്കബ് കളത്തിവീട്ടിൽ
7.30ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന: ഫാ. സോബിൻ കിഴക്കയിൽ സിഎംഐ
11ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ (കോതമംഗലം രൂപത മെത്രാൻ)
സഹകാർമികർ: ഫാ. ജയിംസ് നരിതൂക്കിൽ സിഎംഐ, ഫാ. ജോസുകുട്ടി പടിഞ്ഞാറെപീടിക സിഎംഐ
വൈകുന്നേരം 4.30ന് ജപമാല.
അഞ്ചിന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: ഫാ. അനീഷ് പുളിക്കൽ ഒഎഫ്എം (കപ്പുച്ചിൻ)
6.30ന് കലാസന്ധ്യ.