റെയിൽവേ സ്റ്റേഷനിൽ പുതുവത്സരകേക്ക് മുറിച്ച് യാത്രക്കാർ
1491932
Thursday, January 2, 2025 7:24 AM IST
ഏറ്റുമാനൂർ: മുൻകാലത്തൊന്നുമുണ്ടാകാത്ത വികസന പ്രവർത്തനങ്ങൾക്കു സാക്ഷ്യം വഹിച്ച 2024ന് വിടചൊല്ലി പ്രതീക്ഷാനിർഭരമായ 2025നെ വരവേറ്റ് ഏറ്റുമാനൂർ റെയിൽവേസ്റ്റേഷനിലെ സ്ഥിരം യാത്രക്കാർ.
സ്റ്റേഷനിൽ ഒത്തുകൂടിയ അവർ കേക്കു മുറിച്ചു, മധുരം പങ്കുവച്ചു. യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങൾ.
ബലൂണുകളും വർണക്കടലാസുകളും കൊണ്ട് യാത്രക്കാർ റെയിൽവേ സ്റ്റേഷൻ അലങ്കരിച്ചു. യാത്രക്കാരുടെ അഭ്യർഥന മാനിച്ച് സ്റ്റേഷൻ സൂപ്രണ്ട് അനൂപ് ഐസക്ക് കേക്ക് മുറിച്ചു. വേണാട്, മെമു, പാലരുവി ട്രെയിനുകളിലെ യാത്രക്കാർക്കും മധുരം പങ്കുവച്ചു.
പരസ്പര സഹകരണവും സൗഹൃദവും ഐക്യവും നിലനിർത്തുന്ന യാത്രക്കാരുടെ കൂട്ടായ്മ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് മുതൽക്കൂട്ടാണെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ജില്ലാ പ്രസിഡന്റ് അജാസ് വടക്കേടം പറഞ്ഞു.
യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങളായിരുന്ന വഴിവിളക്കും ഷെൽട്ടറുകളും അമൃത് ഭാരത് പദ്ധതിയിലൂടെ സാധ്യമായത് യാത്രക്കാരുടെ സമ്മർദംകൊണ്ടു കൂടിയാണെന്ന് സെക്രട്ടറി ശ്രീജിത്ത് കുമാർ പറഞ്ഞു.
ലെനിൻ കൈലാസ്, യദു കൃഷ്ണൻ, അനിൽ ശങ്കർ, അംബികാദേവി, സുമോദ്, പ്രവീൺ, ഇഗ്നേഷ്യസ്, ജോസ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകി.