വിശുദ്ധ ചാവറയച്ചൻ സ്നേഹത്തിന്റെയും പ്രത്യാശയുടെയും പ്രേഷിതൻ: മാർ മാത്യു നെല്ലിക്കുന്നേൽ
1491117
Monday, December 30, 2024 7:14 AM IST
മാന്നാനം: സ്നേഹത്തിന്റെയും പ്രത്യാശയുടെയും ആധികാരികതയുടെയും പ്രേഷിതനാണ് വിശുദ്ധ ചാവറയച്ചനെന്ന് ഗോരഖ്പൂർ രൂപത മെത്രാൻ മാർ മാത്യു നെല്ലിക്കുന്നേൽ സിഎസ്ടി. മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന്റെ നാലാം ദിവസമായ ഇന്നലെ വൈകുന്നേരം വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
രാവിലെ സിഎംഐ സഭയുടെ മൈസൂർ പ്രൊവിൻഷൽ ഫാ. അഗസ്റ്റിൻ പയ്യമ്പള്ളിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. ഉച്ചകഴിഞ്ഞ് ചാവറ കുടുംബസംഗമം നടന്നു. ഫാ. ജോൺ ജെ. ചാവറ, ഫാ. വിൽസൺ ചാവറകുടിലിൽ സിഎംഐ എന്നിവർ വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന, തിരുശേഷിപ്പ് വണക്കം എന്നീ തിരുക്കർമങ്ങളിൽ കാർമികത്വം വഹിച്ചു.
തിരുശേഷിപ്പ് പ്രദർശനവും വണക്കവും നാളെ വരെ
തിരുനാളിനോടനുബന്ധിച്ച് മൂന്നു ദിവസമായി നടന്നുവന്ന 1,500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദർശനവും വണക്കവും നാളെ വരെ തുടരും. ഇന്നലെകൊണ്ട് അവസാനിക്കേണ്ടിയിരുന്ന പ്രദർശനം വിശ്വാസികളുടെ ആവശ്യത്തെ തുടർന്നാണ് നീട്ടിയത്.
ഇന്നു രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതു വരെ പ്രദർശനമുണ്ടാകും. നാളെ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പ്രദർശനം ഉച്ചക്ക് ഒന്നിന് സമാപിക്കുമെന്ന് ആശ്രമം പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ അറിയിച്ചു.
ഇന്ന് മാതൃ-പിതൃവേദി തീർഥാടനം
തിരുനാളിന്റെ അഞ്ചാം ദിവസമായ ഇന്ന് കുടുംബ-ദമ്പതീദിനമായി ആചരിക്കും. രാവിലെ മാതാപിതാക്കളുടെ തീർഥാടനം നടക്കും. കുടമാളൂർ ഫൊറോനാ മാതൃ-പിതൃവേദിയുടെ നേതൃത്വത്തിലാണ് തീർഥാടനം. 10.30ന് തീർഥാടനം ആശ്രമ ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് കോട്ടപ്പുറം രൂപത മെത്രാൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
മാന്നാനം ആശ്രമ ദേവാലയത്തിൽ ഇന്ന്
(കുടുംബദിനം - ദമ്പതിദിനം)
രാവിലെ ആറിന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: ഫാ. ബാബു മറ്റത്തിൽ സിഎംഐ, 7.30ന് വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർഥന: ഫാ. ജോബി മുകളേൽ സിഎംഐ, 10.30ന് കുടമാളൂർ ഫൊറോന മാതൃ- പിതൃവേദി തീർഥാടനം, 11ന് ആഘോഷമായ വിശുദ്ധ കുർബാന (ലത്തീൻ ക്രമത്തിൽ), പ്രസംഗം,
മധ്യസ്ഥ പ്രാർഥന: റൈറ്റ് റവ.ഡോ. അംബ്രോസ് പുത്തൻവീട്ടിൽ (കോട്ടപ്പുറം രൂപത മെത്രാൻ), വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: ഫാ. ജയിംസ് മാത്യു പാമ്പാറ സിഎംഐ.