ആർ. ബിജുവിന്റെ വേർപാട് വൈക്കത്തെ കണ്ണീരിലാഴ്ത്തി
1491115
Monday, December 30, 2024 7:14 AM IST
വൈക്കം: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും സമരമുഖങ്ങളിലെ സജീവസാന്നിധ്യമായിരുന്ന ആര്.ബിജുവിന്റെ അകാലത്തിലെ വേർപാട് വൈക്കത്തെ ദുഃഖത്തിലാഴ്ത്തി. ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ ബിജുവിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ബിജു എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് പ്രസംഗമത്സരത്തില്‍ സമ്മാനം നേടിയിട്ടുള്ള ബിജു പിന്നീട് പൊതുരംഗത്ത് സജീവമായപ്പോള്‍ വിദ്യാര്‍ഥി-യുവജന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പ്രസംഗങ്ങളിലൂടെ പ്രവര്‍ത്തകരെ ആവേശഭരിതരാക്കിയിരുന്നു. ഉജ്വല വാഗ്മി, മികവുറ്റ സംഘാടകന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ശ്രദ്ധേയനായിരുന്നു.
എഐവൈഎഫ് ഭാരവാഹിയായിരുന്ന കാലത്ത് ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ അദ്ദേഹം ജില്ലയിലാകെ നിറസാന്നിധ്യമായി. മരണത്തിനു മിനിറ്റുകള്‍ക്കു മുന്‍പുവരെ പാര്‍ട്ടി സഖാക്കളോട് ബ്രാഞ്ച് സമ്മേളനങ്ങളുടെ ഒരുക്കങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.
മന്ത്രി കെ രാജന്, ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ഫ്രാന്‍സിസ് ജോര്‍ജ് എംപി, മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍, സി.കെ.ആശ എംഎല്‍എ, കാംകോ ചെയര്മാന് സി.കെ. ശശിധരന്, പ്ലാന്റേഷന് കോര്പറേഷന് ചെയര്മാന് ഒ.പി. അബ്ദുൾ സലാം, സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു, അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ വി.ജോസഫ്,
എഐവൈഎഫ് മുന്‍സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ്, എഐടിയുസി സംസ്ഥാന സെക്രട്ടറി ആര്. സജിലാല്‍, ജില്ലാ സെക്രട്ടറി വി.കെ.സന്തോഷ് കുമാര്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഹരികുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.അരുണന്, കെ. ശെല്‍വരാജ്,ഏരിയാ സെക്രട്ടറി പി. ശശിധരന്,
കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.കെ. ഗണേശന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി.ഉണ്ണി, ബിജെപി മണ്ഡലം പ്രസിഡന്റ് പി.ആർ. സുഭാഷ്, കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് തടങ്ങി നിരവധി പേര് ആശുപത്രിയിലും വീട്ടിലും എത്തി അന്തിമോപചാരം അര്‍പ്പിച്ചു.