കടുത്തുരുത്തി ഐടിഐ ജംഗ്ഷനിൽ രണ്ട് അപകടങ്ങൾ
1491114
Monday, December 30, 2024 7:14 AM IST
ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
കടുത്തുരുത്തി: ഓട്ടത്തിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞ് അപകടം. ഡ്രൈവര്‍ നിസാര പരിക്കുകളോടൈ രക്ഷപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ വാഹനഗതാഗതം തടസപ്പെട്ടു.
ഇന്നലെ വൈകുന്നേരം 5.30ന് കടുത്തുരുത്തി ഐടിഐ ജംഗ്ഷന് സമീപമാണ് അപകടം. മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും ഓയില്‍ റോഡിലേക്ക് ഒഴുകിയത് അപകട ഭീഷണിയായി. തുടര്‍ന്ന് ഫയര്‍ഫോഴ്സ് റോഡ് കഴുകി. റോഡില്‍നിന്ന് ഓട്ടോറിക്ഷ നീക്കിയ ശേഷമാണ് വാഹനഗതാഗതം പുനഃസ്ഥാപിച്ചത്.
കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്കു പരിക്ക്
കടുത്തുരുത്തി: കാറുകള്‍ കൂട്ടിയിടിച്ചു മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ കടുത്തുരുത്തി ഐടിഐ ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം.
കോട്ടയം ഭാഗത്തു നിന്നുമെത്തിയ കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ കാര്‍ യാത്രികരായ ഇടുക്കി കരിങ്കുന്നം ആനിച്ചുവട്ടില്‍ തങ്കച്ചന് (60), ഇടുക്കി കരിമണ്ണൂര്‍ പുതുകല്ലില് പ്രിന്‍സി (36), നെടുങ്കുന്നം ചേമ്പാന്നൂര് ഡാലി (67) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മൂവരെയും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറുകളുടെ മുന്‍വശം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ വാഹനഗതാഗതം തടസപ്പെട്ടു. പോലീസെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.